മഴയും സൗഹൃദങ്ങളും നിറയുന്ന നാട്​

വൈകുന്നേരം​ ദേശീയഗാനം പാടിത്തീർന്ന്​ ബെല്ലടിച്ചയുടൻ സ്കൂളിൽനിന്ന്​ വീട്ടിലേക്ക്​ ഒരോട്ടമാണ്​. അച്ഛന്‍റെ അനിയനന്മാരുടെ കുട്ടികൾ വീട്ടിലെത്തും മുമ്പ്​​ എനിക്ക്​ എത്തണമെന്ന​ വാശിയായിരുന്നു. ചേട്ടായിമാരെ വരെ തോൽപിച്ചാണ്​ ഓടി വീട്ടിലെത്തിയിരുന്നത്​​​. സ്കൂൾ ദിവസങ്ങളി​ലെ ​വീട്ടിലേക്കുള്ള ഓട്ടമത്സരത്തിൽ ആരും എന്നെ വെല്ലാനില്ലെന്ന്​ അറിയാമായിരുന്നെങ്കിലും വേഗത ഒരിക്കലും കുറച്ചില്ല. ഇപ്പോഴും ആ കാലമൊക്കെ ഓർമയിലുണ്ട്​. തൊടുപുഴക്ക്​ സമീപം വഴിത്തലയിലായിരുന്നു ബാല്യം. അഞ്ചാം ക്ലാസ്​വരെ വഴിത്തലയിലെയും തൊടുപുഴയിലെയും സ്കൂളുകളിലായിരുന്നു പഠനം. സ്കൂളിലും പള്ളിയിലുമൊക്കെ പോകുന്നതും വരുന്നതുമൊക്കെ നടന്നും ഓടിയുമൊക്കെയാണ്​. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്​ കായികമേളയിലെ ആദ്യ ഒന്നാംസ്ഥാനം​. തൊടുപുഴ ബോയ്​സ്​ സ്കൂൾ ഗ്രൗണ്ടിൽ 200 മീറ്ററിൽ ഓടി ഫസ്റ്റ്​​ നേടിയത്​ ഇപ്പോഴും ഓർമയിലുണ്ട്​. പിതാവ്​ അബ്രഹാമി​ന്​ സ്ഥലംമാറ്റം കിട്ടിയതോടെ അഞ്ചാം ക്ലാസ്​ കഴിഞ്ഞ്​ കട്ടപ്പനയിൽ പഠിക്കാൻ പോയി. പിന്നീട്​ ചെറു​തോണി, നെടുങ്കണ്ടം എന്നിവിടങ്ങളിലൊക്കെ താമസിച്ചു​. കരിമണ്ണൂർ സ്കൂളിൽ മത്സരത്തിനുപോയി വ്യക്തിഗത ചാമ്പ്യനായതാണ്​ ആദ്യമായി ലഭിച്ച വലിയ അംഗീകാരം. ഇതാണ്​ കായികമേഖലയിലേക്കുള്ള ചുവടുവെപ്പ്​​​. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ സെലക്​ഷൻ കിട്ടി. അന്ന്​ വലിയ പരിശീലനം ഒന്നുമുണ്ടായിരുന്നില്ല. ഇത്​ കഴിഞ്ഞാണ്​ പരിശീലനത്തിനും മറ്റുമായി കോട്ടയം സ്​പോർട്​സ്​ സ്കൂളിലേക്ക്​ പോയത്​. അച്ഛനായിരുന്നു മത്സരങ്ങൾക്കെല്ലാം കൊണ്ടുപോയിരുന്നത്​. നാലുതവണ ഒളിമ്പിക്​സിൽ പ​​ങ്കെടുത്തപ്പോഴും എ‍ന്‍റെ നാട് ത​ന്ന പിന്തുണ വളരെ വലുതാണ്. എത്ര ജോലിത്തിരക്കിലാണെങ്കിലും ഇടുക്കിയിലെത്തുന്നത്​ വലിയ ആശ്വാസമാണ്​. അച്ഛന്‍റെ സഹോദരങ്ങളും ബന്ധുക്കളുമൊക്കെ ഇപ്പോഴും ഇടുക്കിയിലുണ്ട്​. ഒട്ടേറെ സൗഹൃദങ്ങളും ജന്മനാട്ടിലുണ്ട്​. പ്രത്യേക മഴയും കോടമഞ്ഞുമൊക്കെ ഇടുക്കിയുടെ പ്രത്യേകതകളാണ്​. ഇടുക്കിയിൽനിന്നുള്ള ആദ്യ അത്​ലറ്റ്​ എന്ന്​ കേൾക്കുമ്പോഴുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവാത്തതാണ്​. ഇടുക്കിയിൽ ഒട്ടേറെ താരങ്ങൾ വളർന്നുവരുന്നുണ്ടല്ലോ എന്നും ഇടുക്കിക്ക്​ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നും ഒരിക്കൽ സ്​പോർട്​സ്​ അതോറിറ്റിയിലെ ആളുകൾ ഒരിക്കൽ ​ചോദിച്ചു. കുന്നിലും മലയിലുമൊക്കെ ഓടിയും നടന്നും നേടിയെടുക്കുന്ന കായികശേഷിയാണ്​ അവരുടെ കരുത്തെന്നായിരുന്നു എ‍ൻന്‍റെ മറുപടി. നല്ല പരിശീലനം കിട്ടിയാൽ മിടുക്കരായി രാജ്യത്തിനുതന്നെ അഭിമാനമാകുന്ന ഒട്ടേറെ കുട്ടികൾ ഇടുക്കിയിലുണ്ട്​. നല്ല ഗ്രൗണ്ടും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.