ദോഷം മാറ്റാൻ ഗുരുതി തുടങ്ങി ഗുരുതിക്കളമായി

മൂലമറ്റം: തൊടുപുഴ-ഇടുക്കി റോഡിൽ അറക്കുളം മൈലാടിക്ക് ശേഷമാണ് ഗുരുതിക്കളം. നാട്ടുരാജക്കാന്മാരുടെ പടയോട്ട കാലത്ത്​ കൊള്ളയും കൊള്ളിവെപ്പും മാരക രോഗങ്ങളും മൂലം നാട്​ ബുദ്ധിമുട്ടിയിരുന്നു. ഇതിൽനിന്ന്​ മോചനം നേടാൻ രാജക്കന്മാരുടെ നിർദേശപ്രകാരം പലതരം പൂജകളും വഴിപാടുകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൊണ്ടമറുക് ഇല്ലത്തെ ഒരു സംഘം തന്ത്രിമാരെ വരുത്തി ഭദ്രകാളി ക്ഷേത്രത്തിൽ ദേശ ഗുരുതി നടത്തി ദേശത്തെ രക്ഷിച്ചെന്നാണ്​ ​െഎതിഹ്യം. അന്ന്​ ആരംഭിച്ച ദേശ ഗുരുതി ഇപ്പോഴും തുടരുന്നു. ഗുരുതി നടത്തിയിരുന്ന കളത്തിൽനിന്നാണ്​​ പിന്നീട്​ പ്രദേശത്തിന്​ ഗുരുതിക്കളം എന്നും കുരുതിക്കളം എന്നും പേര്​ ലഭിച്ചത്​. ഗുരുതിക്കളം വഴി കടന്നുപോകുന്നവർക്ക് ഒരു കൗതുകക്കാഴ്​ച കൂടിയുണ്ട്​. തിരക്കേറിയ റോഡിന് നടുവിലെ കിണറാണത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ 12 ഹെയർ പിൻ വളവുകളിൽ അഞ്ചാംവളവിലാണ് വർഷങ്ങൾ പഴക്കമുള്ള കിണർ. ഇതിലെ റോഡ്​ ഉണ്ടാകും മുമ്പ്​ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായിരുന്നു ഈ കിണർ. 1952-53 കാലഘട്ടത്തിൽ പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും കൂടി തങ്ങളുടെ പുരയിടത്തിൽ നിർമിച്ചതാണ്​ കിണർ. 1956ലെ ശക്തമായ വെള്ളപ്പാച്ചിലിൽ ഇതുവഴി നിർമിച്ച റോഡ് ഒലിച്ചുപോയി. തുടർന്നാണ് ഇവരുടെ പറമ്പിലൂടെ നാടുകാണി വഴി റോഡ് നിർമിച്ചത്. പാതയുടെ വികസനത്തി​ൻെറ ഭാഗമായി പുളിയന്മല സംസ്ഥാന പാതക്കായി അഞ്ചര ഏക്കർ ഭൂമിയും ഈ സഹോദരങ്ങൾ വിട്ടുകൊടുത്തു. നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കിണർ നിലനിർത്തിയേ റോഡ് പണിയാവൂ എന്ന വ്യവസ്ഥയോടെയാണ്​ സ്ഥലം നൽകിയത്​. ഇത്​ അംഗീകരിച്ച സർക്കാർ, കൊടുംവളവിൽ കിണർ നിലനിർത്തി റോഡ് നിർമിക്കുകയായിരുന്നു. പുതുതലമുറ വാഹനങ്ങൾ ഇറങ്ങും മുമ്പ്​ ഇതുവഴി പോകുന്ന ഭാര വാഹനങ്ങൾ കയറ്റം കയറി ചൂടായി വരു​േമ്പാൾ എൻജിൻ തണുപ്പിക്കുന്നത് ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചായിരുന്നു. കടുത്ത വേനലിൽ പോലും ജല സമൃദ്ധമായിരുന്നു കിണർ. ചിലർ കിണറിൽ മാലിന്യം തള്ളാൻ തുടങ്ങിയതോടെ ചാക്കോയുടെ മകൻ ബേബി സ്വന്തം ചെലവിൽ ഇരുമ്പുനെറ്റ് കൊണ്ട് കിണറിന്​ കവചം തീർത്ത് സുരക്ഷിതമാക്കി. TDL guruthikalam ഗുരുതിക്കളത്ത്​ റോഡിന് നടുവിലെ കിണർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.