P2 LEAD തൊടുപുഴ ഡിപ്പോയിൽനിന്ന് സൈറ്റ് സീയിങ് സർവിസ് ഒരുങ്ങുന്നു തൊടുപുഴ: ഇടുക്കി, ചെറുതോണി അണക്കെട്ടിന്‍റെ ഗാംഭീര്യവും വാഗമണ്ണിന്റെ സൗന്ദര്യവും കുറഞ്ഞ ചെലവില്‍ സഞ്ചാരികൾക്ക് കാണാൻ കെ.എസ്.ആര്‍.ടി.സി സൗകര്യമൊരുക്കുന്നു. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽനിന്നാണ് സൈറ്റ് സീയിങ് സര്‍വിസ് ഒരുങ്ങുന്നത്. മൂന്നാർ ഡിപ്പോയിലടക്കം പദ്ധതി വിജയകരമായതോടെയാണ് തൊടുപുഴ ഡിപ്പോയിൽനിന്ന് സർവിസ് ആരംഭിക്കുന്നത്. കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ കണ്ട് വാഗമൺവഴി മടങ്ങുന്ന തരത്തിലാണ് സർവിസ്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഇപ്പോൾ ഒരു ട്രിപ് നടത്താനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. രാവിലെ എട്ടിന് ആരംഭിച്ച് രാത്രി എട്ടോടെ തിരികെ എത്തുന്ന രീതിയിലാകും സമയക്രമം. തൊടുപുഴയിൽനിന്ന് കുളമാവ്, ചെറുതോണി, ഇടുക്കിവഴി വാഗമൺ കണ്ട് തിരിച്ചുവരുകയാണ് ലക്ഷ്യം. ഇതിനിടക്കുള്ള ടൂറിസ്റ്റ് സ്ഥലങ്ങളും കാണാൻ സൗകര്യമുണ്ടാകും. ഓരോ പോയന്റുകളിലും ഒരു മണിക്കൂര്‍വരെ ചെലവഴിക്കാന്‍ അവസരവുമുണ്ടാകും. ഇതിനിടെ ചിത്രമെടുക്കാനും യാത്രികര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പദ്ധതി വിജയകരമായാൽ ഇതിനുശേഷം മൂന്നാറിലേക്ക് രണ്ടാം ഘട്ടത്തിൽ സർവിസ് നടത്താനാണ് തീരുമാനം. ജില്ലക്ക് പുറത്തുള്ള ഡിപ്പോകളിൽനിന്ന് ഇപ്പോൾ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സൈറ്റ് സീയിങ് സർവിസ് ആരംഭിച്ച സാഹചര്യത്തിലാണ് തൊടുപുഴ ഡിപ്പോയും സർവിസ് ആരംഭിക്കാനൊരുങ്ങുന്നത്. ഇത് വിനോദസഞ്ചാര മേഖലക്കും കെ.എസ്.ആർ.ടി.സിക്കും ഗുണം ചെയ്യുമെന്നാണ് അധികൃതർ കരുതുന്നത്. കഴിഞ്ഞ ദിവസം ചാലക്കുടി ഡിപ്പോയിൽനിന്ന് തൊമ്മൻകുത്തിലേക്ക് കെ.എസ്.ആർ.ടി.സി സൈറ്റ് സീയിങ് യാത്ര നടത്തി. 42 സഞ്ചാരികളാണ് ഉണ്ടായിരുന്നത്. മൂന്നാർ, കുമളി ഡിപ്പോകൾ ഇപ്പോൾ സൈറ്റ് സീയിങ് സർവിസ് നടത്തുന്നുണ്ട്. കുമളിയിൽനിന്ന് ഒരു സർവിസ് മാത്രമാണുള്ളത്. തൊടുപുഴയിലും പരിസരത്തുമായി ഒട്ടേറെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളെക്കൂടി സർവിസിൽ ഉൾപ്പെടുത്തി സൈറ്റ് സീയിങ് സർവിസ് വിപുലപ്പെടുത്തണമെന്നാണ് ആവശ്യം. TDL KSRTC
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.