ചെങ്ങമനാട്: പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പുതുവാശ്ശേരി പുത്തൻകടവ് ഗ്രാമവാസികൾ കാട്ടുപന്നി ഭീതിയിൽ. തലങ്ങും വിലങ്ങും വിരണ്ടോടുന്ന കാട്ടുപന്നിയുടെ ഉപദ്രവത്തിൽ നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. കഴിഞ്ഞാഴ്ച പുത്തൻകടവ് അംഗൻവാടിക്കടുത്തെ തരിശിട്ട പാടത്ത് പശുക്കളെ മേയാൻ വിടുന്നതിനിടെ ഏതാനും യുവാക്കളാണ് ബൈക്ക് യാത്രികന് മുന്നിലെത്തി റോഡിന് കുറുകെ ഓടിയ പന്നിയെ അപ്രതീക്ഷിതമായി കണ്ടത്.
അതോടെ യുവാക്കൾ സംഘടിച്ചെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പാടത്ത് ചാടി പുത്തൻകടവ് ഇഞ്ചിക്കുഴിക്ക് സമീപമുള്ള കൈതക്കാട്ടിലേക്ക് കുതിച്ചോടുകയായിരുന്നുവത്രെ. രാത്രി വരെ നാട്ടുകാർ പന്നിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടില്ല. പിറ്റേന്ന് രാവിലെ പുതുവാശ്ശേരി കപ്പേളക്ക് സമീപത്തെ വീടിന്റെ അടുക്കള ഭാഗത്ത് കണ്ടു. വീട്ടുകാർ അറിയിച്ച പ്രകാരം പ്രദേശവാസികൾ പന്നിയെ പിടികൂടാൻ പിന്നാലെ പാഞ്ഞെങ്കിലും മിന്നൽവേഗത്തിൽ തരിശിട്ട പാടത്തെ കാട്ടിൽ ഓടി ഒളിക്കുകയായിരുന്നു.
അംഗൻവാടി കുട്ടികൾ അടക്കം സഞ്ചരിക്കുന്ന ജനവാസ കേന്ദ്രമായ പുതുവാശ്ശേരി, പുത്തൻകടവ് ഭാഗങ്ങളിൽ പലയിടത്തും വിരണ്ടോടുന്ന കാട്ടുപന്നിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. വ്യാഴാഴ്ച രാവിലെ വീണ്ടും കണ്ടതോടെ വാർഡ് അംഗം ഉണ്ണികൃഷ്ണൻ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ നിർദ്ദേശിച്ച പ്രകാരം പന്നിയുടെ സാന്നിധ്യമുള്ള പ്രദേശത്തിന്റെ ലൊക്കേഷൻ അയച്ച് കൊടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.