അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ചികിത്സക്ക് നേതൃത്വം നൽകിയ നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജിനോ ജോസഫ്, അസോ. കൺസൾട്ടന്റ് ഡോ. നൈസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം
അങ്കമാലി: ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നൽകിയ അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിനെ കടുത്ത ശ്വാസതടസ്സത്തോടെയും ശരീരമാകെ നീല നിറം ബാധിക്കുന്ന ‘സയനോസിസ്’ എന്ന അതീവ ഗുരുതരാവസ്ഥയിലുമാണ് അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എക്കോ പരിശോധനയിൽ ഹൃദയസമ്മർദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപർടെൻഷൻ ഉള്ളതായും കണ്ടെത്തി. അതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ സഹായം ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കിയെങ്കിലും നില സങ്കീർണമായി തുടർന്നു. 100 ശതമാനം ഓക്സിജൻ നൽകിയിട്ടും കുഞ്ഞിന്റെ ഓക്സിജൻ നില 75-80 ശതമാനത്തിലേക്ക് താഴുകയും രക്തസമ്മർദം ക്രമാതീതമായി കുറയുകയും ചെയ്തത് സ്ഥിതി കൂടുതൽ വഷളാക്കി. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ സമ്മർദം വർധിക്കുന്നതിലൂടെ സ്വാഭാവിക ശ്വസനപ്രക്രിയയെയും രക്തചംക്രമണത്തെയും ഒരുപോലെ ബാധിക്കുന്ന സങ്കീർണമായ സാഹചര്യം കുഞ്ഞിന്റെ ജീവന് ഭീഷണിയായി.
നവജാത ശിശുവിന്റെ ജീവൻ നിലനിർത്താൻ ചികിത്സയുടെ മൂന്നാം ദിവസം ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് തെറപ്പി ആരംഭിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ശ്വാസകോശത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന ഈ ആധുനിക ചികിത്സാരീതിയിലൂടെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ ദ്രുതഗതിയിലുള്ള പുരോഗതിയാണുണ്ടായത്. ഏഴ് മുതൽ എട്ട് ദിവസത്തെ തീവ്രമായ ചികിത്സക്കും നിരീക്ഷണത്തിനും ശേഷം പൂർണ ആരോഗ്യവാനായ കുഞ്ഞുമായി മാതാപിതാക്കൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജിനോ ജോസഫ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നൈസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് സങ്കീർണമായ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. അതീവ ഗുരുതര സാഹചര്യത്തിലും കൃത്യമായ സമയത്ത് നൽകിയ മികച്ച ചികിത്സയാണ് കുഞ്ഞിന്റെ ജീവന് തുണയായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.