പുനരാരംഭിച്ച സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണം മന്ത്രി പി. രാജീവ് സന്ദർശിക്കുന്നു
കളമശ്ശേരി: കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട എച്ച്.എം.ടി-എൻ.എ.ഡി ഭാഗത്ത് റോഡിന്റെ നിർമാണത്തിന് മുന്നോടിയായുള്ള കാട് വെട്ടിത്തെളിക്കലും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിന്റെ ടെൻഡർ നടപടികൾ മാർച്ച് ഒന്നിന് പൂർത്തിയാക്കി നിർമാണമാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമിച്ചിരുന്ന 1.9 കി.മി റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും. എച്ച്.എം.ടിയുടേയും എൻ.എ.ഡിടേയും ഭൂമി റോഡ് നിർമാണത്തിന് വിട്ടുനൽകാൻ യഥാസമയം കേന്ദ്രസർക്കാർ തയാറായില്ലെന്ന് പി. രാജീവ് പറഞ്ഞു 2004 മുതൽ 2014 വരെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി എൻ.എ.ഡി ഭൂമി വിട്ടു നൽകിയില്ല. 2009 മുതൽ 2014 വരെ കേന്ദ്ര ഗവൺമെന്റിൽ കേരളത്തിൽനിന്ന് എട്ടു മന്ത്രിമാർ ഉണ്ടായിരുന്നു. എന്നിട്ടും ഒന്നും ചെയ്യാനായില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേന്ദ്രത്തിന്റെതല്ലാത്ത സ്ഥലത്ത് നിർമാണം ആരംഭിച്ചു.
2021ലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പണം ഹൈകോടതിയിൽ കെട്ടിവെച്ച് എച്ച്.എം.ടി ഭൂമി ലഭ്യമാക്കിയത്. പ്രതിരോധ വകുപ്പും എൻ.എ.ഡിയും ദക്ഷിണ നാവിക കമാന്ററുമായി നടത്തിയ ഇടപെടലിന്റെ ഭാഗമായി പണം നൽകി സ്ഥലം ഏറ്റെടുത്തു. കേന്ദ്രം ഭരിച്ച യു.ഡി.എഫ് മന്ത്രിമാരും അന്നത്തെ യു.ഡി.എഫ് സർക്കാരും ശ്രമിച്ചെങ്കിൽ പൊതു ആവശ്യത്തിനായി സൗജന്യമായി ലഭിക്കുമായിരുന്ന ഭൂമിക്ക് ഭീമമായ നഷ്ടപരിഹാരമാണ് ഇപ്പോൾ നൽകേണ്ടി വന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.