shoulder ദേശീയപാത: ഏറ്റെടുത്ത ഭൂമിയിൽനിന്ന് മണ്ണുകടത്ത് വ്യാപകം

കെട്ടിടം പൊളിക്കലിന്റെ മറവിലാണ് മണ്ണുകടത്ത് കൊച്ചി: ദേശീയപാത 66 വികസന ഭാഗമായി ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്ത് ഏറ്റെടുത്ത ഭൂമിയിൽനിന്ന് മണ്ണും കെട്ടിടാവശിഷ്ടങ്ങളും കടത്തുന്നത് വ്യാപകമായി. കെട്ടിടം പൊളിക്കലിന്റെ മറവിലാണ് മണ്ണുകടത്ത്. ഭൂവുടമകൾ ഒഴിഞ്ഞതോടെ അനാഥമായ കെട്ടിടങ്ങളും ഭൂമിയും ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയവരെന്ന വ്യജേനയാണ് പൊളിക്കൽ മാഫിയ കൊള്ളയടിക്കുന്നത്. ആഴത്തിൽ കുഴിച്ച് മണ്ണെടുത്തശേഷം കെട്ടിടാവശിഷ്ടങ്ങൾ അതിലിട്ട് മൂടുകയാണ്. ഇത് ഭാവിയിൽ റോഡിന്റെ ബലക്ഷയത്തിന് കാരണമാകും. ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഇതിനുണ്ട്. ഭൂവുടമകളുടെ കെട്ടിടത്തിന്റെ നഷ്ടപരിഹാരത്തിൽനിന്ന് ഭീമമായ തുക സർക്കാർ നിയമവിരുദ്ധമായി പിടിച്ചുവെച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾ എടുത്ത് ഉപയോഗിക്കുന്ന ഭൂവുടമകൾക്ക് ഈ തുക നൽകില്ലെന്നാണ് തീരുമാനം. ഈ തുക തിരിച്ചുനൽകണമെന്ന ഹൈ​കോടതി വിധിപോലും പാലിക്കുന്നില്ല. ഉദ്യോഗസ്ഥ ഒത്താശയോടെ പൊളിക്കൽ മാഫിയ കെട്ടിടം ​കൈയേറി പൊളിച്ചെടുക്കുന്നതോടെ പിടിച്ചുവെച്ച തുകയും കെട്ടിടവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഭൂവുടമകൾ. സ്ഥലമെടുപ്പ് ഓഫിസിലും ദേശീയപാത അതോറിറ്റിയിലും പൊലീസിലും ഭൂവുടമകൾ പരാതി നൽകിയിട്ടുണ്ട്. നിര്‍മാണ കരാർ ഏറ്റെടുത്ത ഓറിയന്റൽ കമ്പനിയും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പൊളിക്കുന്നുണ്ട്. പൊതുമുതൽ കടത്താൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും കെട്ടിട അവശിഷ്ടങ്ങൾ അതത് ഭൂവുടമകൾക്ക് സൗജന്യമായി വിട്ടുകൊടുക്കണമെന്നും പിടിച്ചുവെച്ച തുക മുഴുവൻ ഭൂവുടമകൾക്കും തിരിച്ചുനൽകണമെന്നും ദേശീയപാത സംയുക്ത സമരസമിതി നേതാക്കളായ ഹാഷിം ചേന്നാമ്പിള്ളി, കെ.വി. സത്യൻ മാസ്റ്റർ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.