മഞ്ഞുമ്മലിൽ മാലിന്യസംഭരണം നിർത്തിവെച്ച എയ്‌റോബിക് ബിന്നുകളിൽ മാലിന്യം നിറഞ്ഞ നിലയിൽ

തുമ്പൂർമുഴി മോഡൽ എയ്റോബിക് ബിന്നുകൾ അടച്ചുപൂട്ടി; ഏലൂരിലെ ജൈവ മാലിന്യ സംസ്കരണം പ്രതിസന്ധിയിൽ

കളമശ്ശേരി: ജൈവ മാലി‌ന്യ സംസ്കരണത്തിനായി ഏലൂർ നഗരസഭ പൊതുവീഥികളിൽ നിർമിച്ച തുമ്പൂർമുഴി മോഡൽ എയ്റോബിക് ബിന്നുകൾ അടച്ചുപൂട്ടി. ബിന്നുകളിൽ മാലിന്യം നിറഞ്ഞു കവിഞ്ഞതിനാലാണ് അടച്ചു പൂട്ടിയത്. പൂട്ടിയിടത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ് അറിയിപ്പും സ്ഥാപിച്ചു.

ബിന്നുകളിൽ നിറഞ്ഞ മാലിന്യം സൗകര്യപ്രദമായ ഇടങ്ങളിൽ കുഴിച്ചുമൂടുക യല്ലാതെ മറ്റു മാർഗമില്ലെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിനെതിരെ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ബിന്നുകൾ അടച്ചു പൂട്ടാൻ സമ്മതിക്കില്ലെന്നും അറ്റ കുറ്റപ്പണികളുടെ അഭാവവും ഉദ്യോഗസ്‌ഥരുടെ മേൽനോട്ടക്കുറവുമാണു ബിന്നുകൾ തകരാറിലാകാൻ കാരണമെന്നുമാണ് കൗൺസിലർമാർ ചൂണ്ടിക്കാട്ടിയത്.

പാതാളത്ത് ബിന്നിൽ മാലിന്യം വലിച്ചെറിഞ്ഞവരെ കാമറകളുടെ സഹാ യത്തോടെ പിടികൂടി നൽകിയിട്ടും നടപടിയുണ്ടായില്ലയെന്ന പരാതിയും യോഗത്തിൽ ഉയർന്നു. എന്നാൽ ,രാവിലെ ഏഴു മുതൽ 11വരെയാണ് ബിന്നുകളിൽ മാലിന്യം സ്വീകരിക്കാൻ സമയം നിശ്ചയിച്ചിട്ടുള്ളതെങ്കിലും പൊതുജനങ്ങൾ അതു പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ബിന്നുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും ബിന്നുകളുടെ മേൽനോട്ടം കർശനമാക്കണമെന്നും നിരീക്ഷണ സ്ക്വാഡ് സജീവമാകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

അതേസമയം ജൈവമാലിന്യ സംസ്കരണം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന ഏലൂർ നഗരസഭയിലെ സംവിധാനത്തെ തകർക്കാൻ ശക്തമായ ശ്രമം നടക്കുന്നതായി എൽ.ഡി.എഫ് കുറ്റപ്പെടുത്തി. സമീപ നഗരസഭയായ കളമശ്ശേരിയിൽ നിന്നും കടുങ്ങല്ലൂർ പഞ്ചായത്തിൽ നിന്നും മാലിന്യം ഏലൂരിലെ ബിന്നുകളിൽ നിക്ഷേപിക്കുകയാണ്. ഇത് നഗരസഭയുടെ ജൈവമാലിന്യ സംസ്കരണത്തെ തകർക്കാനുള്ള ശ്രമമാണ്. കളമശ്ശേരിയിൽ നിന്നും ആറാട്ടുകടവ് ബിന്നിലേക്ക് വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്ന് ഉൾപ്പെടെ ജൈവമാലിന്യം ചാക്ക് കണക്ക് കൊണ്ടുവന്ന് പാതിരാത്രിയിൽ നിക്ഷേപിക്കുന്നു. ഇതുപോലെ കടുങ്ങല്ലൂരിൽ നിന്നും പാതാളം ബിന്നിലും ടി.സി.സി ബിന്നിലും നിക്ഷേപിക്കുകയാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.ഡി. സുജിൽ ആരോപിച്ചു.

Tags:    
News Summary - Thumboormuzhi model aerobic bins closed; organic waste management in Elur in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.