പാമ്പുകളെ കണ്ടെത്തിയ എം.എ.എ.എം എൽ.പി. സ്‌കൂളിൽ പരിശോധന നടത്തുന്ന എൽ.ഡി.എഫ് അംഗങ്ങൾ
കാക്കനാട്: കത്തിയെരിയുന്ന വേനൽ ചൂട് സഹിക്കാൻ പറ്റാതായതോടെ പൊന്തക്കാടുകളിലും മാളങ്ങളിലും മറ്റുമായി കഴിഞ്ഞിരുന്ന വിഷപ്പാമ്പുകൾ കൂട്ടത്തോടെ മാളം വിട്ടിറങ്ങിയതോടെ കാക്കനാടും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ പരിഭ്രാന്തിയിൽ. കാടും വള്ളിപടർപ്പുകളു മൂടിയ ആൾപ്പാർപ്പില്ലാത്ത വീടുകളും, പറമ്പുകളുല്ലാം പാമ്പുകളുടെ വിളയാട്ട ഭൂമിയായി മാറി.
നഗരസഭാ പരിധിയിലുള്ള 48 ഡിവിഷനുകളിലും പാമ്പുകളുടെ ശല്യം കൂടിയിട്ടുണ്ട്. ഇവിടെ ഭൂമി വാങ്ങിയിട്ടുളളവരിൽ നല്ലൊരു ശതമാനവും ജില്ലക്കു പുറത്തു ഉളവരായതിനാൽ ഇത്തരക്കാരുടെ പറമ്പുകൾ മുഴുവൻ കുറ്റിക്കാടും വള്ളിപടർപ്പുകളും തിങ്ങി വളർന്ന അവസ്ഥയിലാണ്. ഉടമകളെ കണ്ടെത്തി അവരുടെ പറമ്പുകളിലെ കാടുകൾ വെട്ടിത്തെളിക്കാൻ ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാധികൃതർ നോട്ടീസ് അയച്ചു തുടങ്ങി.
കാക്കനാട്ടെ പല പ്ലോട്ടുകളുടെയും യഥാർഥ അവകാശികൾ ആരെന്ന് കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതരും പറയുന്നു. ജില്ല ഭരണകൂട വളപ്പും വിഷപാമ്പുകളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. കലക്ടറേറ്റ് വളപ്പിൽ രണ്ടാൾ പൊക്കത്തിൽ പാഴ് ചെടികൾ വളർന്ന നിലയിലാണ്. കലക്ടറേറ്റ് പൊതുമരാമത്ത് വിഭാഗമോ ജില്ലാ ഭരണകൂടമോ പരിസരം വൃത്തിയാക്കുന്നതിന് നടപടി എടുക്കുന്നില്ല.
വേനൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കും മുമ്പ് വിദ്യാലയങ്ങളും പരിസരങ്ങളും വൃത്തിയാക്കി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്ന വ്യവസ്ഥകൾ നിലനിൽക്കുമ്പോഴും നഗരസഭാ പരിധിയിലെ പാഠശാലകൾ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല.
മൂന്ന് മാസം മുമ്പ് ചുറ്റുമതിലിലെ മാളത്തിൽ മൂർഖനെ കണ്ടെത്തിയ കാക്കനാട് അബുബക്കർ മെമ്മോറിയൽ സർക്കാർ എൽ.പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 ലക്ഷം രൂപയുടെ ടെൻഡർ നടപടി ആരംഭിച്ചെങ്കിലും നാളിതുവരെ നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന ആരോപണവുമായി തൃക്കാക്കര നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭാധികൃതരുടെ അനാസ്ഥ മൂലം കുട്ടികൾക്ക് പാമ്പുകടി ഏൽക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തിയത്. സ്കൂൾ വളപ്പിലെ മതിലുകളിൽ കണ്ടെത്തിയ മുഴുവൻ മാളങ്ങളും പ്രതിഷേധക്കാർ അടച്ചു.
മതിൽ പുതുക്കി പണിത് പാമ്പ് ഭീഷണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയിൽ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതോടെ പ്രതിപക്ഷത്തിന്റെ ആവശ്യം കൗൺസിലിന്റെ പരിഗണക്ക് വെക്കാൻ കഴിഞ്ഞില്ലെന്നും ചുറ്റുമതിൽ അറ്റകുറ്റപണിക്കായി 30 ലക്ഷം രൂപയുടെ പദ്ധതിക്ക് ഉടൻ കൗൺസിൽ അംഗീകാരം വാങ്ങുമെന്നും തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.