ശനിയാഴ്ച തീപിടിത്തം ഉണ്ടായ പുല്ലേപ്പടി പാലത്തിന് താഴെ അവശേഷിച്ച ആക്രി സാധനങ്ങൾ ശേഖരിക്കുന്നു
കൊച്ചി: കടുത്ത ചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ ജില്ലയുടെ പലമേഖലയിലായി അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. പ്രത്യേകിച്ച് തുറസ്സായ മേഖലകളിലും ആക്രിക്കടകളിലുമെല്ലാമായാണ് തീപിടിത്തങ്ങൾ ആവർത്തിക്കുന്നത്. കൊച്ചി നഗരത്തിലെ പുല്ലേപ്പടിയിൽ മാത്രം ഒരു മാസം പിന്നിടുമ്പോൾ രണ്ട് വൻതീപിടിത്തങ്ങളാണ് സംഭവിച്ചത്, അതും വെറും 100 മീറ്റർ ദൂരപരിധിക്കിടയിലുള്ള രണ്ട് ആക്രിഗോഡൗണുകളിൽ.
ഇതുമാത്രമല്ല, ചെറുതും വലുതുമായി നിരവധി അഗ്നിബാധകളാണ് ജില്ലയിൽ നിത്യേനയെന്നോണം അരങ്ങേറുന്നത്. മാലിന്യങ്ങളും ആക്രിസാധനങ്ങളും പൊതു ഇടങ്ങളിൽ കൂട്ടിയിടുമ്പോൾ തീപിടിക്കുന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ മാത്രം 100ലേറെ ഫയർ കോളുകൾ വന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ചെറുതും വലുതുമുണ്ട്. പൊതുവിടങ്ങളിൽ ആക്രിക്കടകളും മറ്റും പ്രവർത്തിക്കുമ്പോൾ ഏറെ ജാഗ്രത വേണമെന്നാണ് പുല്ലേപ്പടിയിലെ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 18നാണ് എം.ജി റോഡ് ഭാഗത്തേക്ക് പുല്ലേപ്പടി പാലം അവസാനിക്കുന്നിടത്ത് സി.പി ഉമ്മർ റോഡിലെ ഗോഡൗണിൽ വലിയ തീപിടിത്തമുണ്ടായത്. അന്നത്തേക്കാൾ വ്യാപ്തിയുള്ള അഗ്നിബാധയാണ് ശനിയാഴ്ച പുല്ലേപ്പടി മാധ്യമം കൊച്ചി യൂനിറ്റിനു മുന്നിൽ സംഭവിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തിൽ എറണാകുളം ബ്രോഡ്വേയിലും വലിയ തീപിടിത്തമുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ചൂട് ക്രമാതീതമായി വർധിക്കുന്ന സന്ദർഭങ്ങളിൽ ഗ്രൗണ്ട് ഫയർ ആണ് കൂടുതലായും സംഭവിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
സിഗററ്റ് വലിച്ച ശേഷം അലക്ഷ്യമായി എറിഞ്ഞുകളയുന്ന ഒരു സിഗററ്റ് കുറ്റി, അല്ലെങ്കിൽ തീപ്പെട്ടിക്കൊള്ളി.. നിസ്സാരമെന്നു നാം വിചാരിക്കുന്ന ആ വലിച്ചെറിയലിന് പലപ്പോഴും നൽകേണ്ടി വരുന്നത് കനത്ത വിലയാണ്. പലപ്പോഴും പലരുടെയും ജീവൻ തന്നെ ഇല്ലാതാക്കുന്ന, ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും ഒറ്റയടിക്ക് ചാരമായി മാറുന്ന സ്ഥിതിയുണ്ടാവും. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്. ശനിയാഴ്ചത്തെ അഗ്നിബാധക്കു കാരണം കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പുല്ലേപ്പടി പാലത്തിനു മുകളിൽ നിന്ന് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കൊള്ളിയിൽ നിന്നാവാം തീപടർന്നതെന്ന സംശയം ഉയരുന്നുണ്ട്.
പുല്ലേപ്പടിയിൽ ശനിയാഴ്ച ഉണ്ടായ വൻ തീപിടിത്തം കാണാനും വിഡിയോ പകർത്താനുമായി എത്തിയത് നൂറുകണക്കിനാളുകൾ. വൈകീട്ട് ആറുമണിയോടെയാണ് ആക്രി സാധനങ്ങളിൽ നിന്ന് തീപടരുന്ന ദൃശ്യങ്ങൾ പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടത്. മിനിറ്റുകൾക്കകം ഈ മേഖലയൊന്നാകെ ആളിക്കത്തി. വിവരമറിഞ്ഞ് നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്നുമാണ് യുവാക്കളും പ്രായമായവരുമെല്ലാം ഓടിയെത്തിയത്. അന്തർസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം കൂടിയായ പുല്ലേപ്പടിയിൽ ജോലി കഴിഞ്ഞെത്തിയ തൊഴിലാളികളും സംഭവമറിഞ്ഞ് തടിച്ചുകൂടി. എന്നാൽ, ഇതിൽ ട്രേഡ് യൂനിയൻ തൊഴിലാളികളും പ്രദേശവാസികളുമുൾപ്പെടെ വളരെ കുറച്ചുപേർ മാത്രമേ പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ എടുത്തുമാറ്റാനും പ്രാഥമിക രക്ഷാപ്രവർത്തനത്തിനും മുന്നിട്ടിറങ്ങിയുള്ളൂ. ഭൂരിഭാഗം പേരും ഫോണിൽ വിഡിയോയും ചിത്രങ്ങളും എടുക്കുന്ന തിരക്കിലായിരുന്നു. ഇവരെ നിയന്ത്രിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് നന്നേ പണിപ്പെട്ടു. ആക്രിസാധനങ്ങൾക്കിടയിലുള്ള ചില്ലുകുപ്പികൾ പൊട്ടിയാലുണ്ടാകുന്ന അപകടം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും ആളുകൾ പിന്തിരിഞ്ഞുപോകാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് അഗ്നിരക്ഷാ സേനക്കും പൊലീസിനും വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ആളുകൾ തടിച്ചുകൂടിയത് ഗതാഗത തടസ്സത്തിനും കാരണമായി.
ആക്രിക്കടകളും ഗോഡൗണുകളും പ്രവർത്തിക്കുമ്പോൾ അടിസ്ഥാനപരമായ മൻകരുതലുകൾ എടുക്കണമെന്ന് അഗ്നിരക്ഷാസേന ചൂണ്ടിക്കാട്ടുന്നു. ജനവാസമേഖലയിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതു തന്നെ ഏറെ അപകടകരമാണ്. ഫയർ എൻജിന് സുഗമമായി എത്താനാവുന്നിടത്തായിരിക്കണം കട പ്രവർത്തിക്കേണ്ടത്, ആവശ്യത്തിന് വിസ്തൃതി വേണം, തദ്ദേശ സ്ഥാപന ലൈസൻസ് വേണം, ഫയർലൈൻ ഒരുക്കണം, 25,000 ലിറ്റർ വെള്ളം സംഭരിച്ചുവെക്കണം തുടങ്ങിയ മാനദണ്ഡങ്ങൾ ഒട്ടേറെയുണ്ടെങ്കിലും പാലിക്കപ്പെടാറില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
പൊതുഇടങ്ങളിലെ മാലിന്യത്തിനും മറ്റും തീപിടിക്കുന്നത് തടയാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് വലിയ അത്യാഹിതത്തിലേക്ക് നയിക്കും. എത്ര കുറച്ച് മാലിന്യമാണെങ്കിലും തീ പൂർണമായും കത്തിതീർന്ന് വെള്ളമൊഴിക്കുന്നതു വരെ നോക്കിനിൽക്കണം. തീയിട്ട് മറ്റു കാര്യങ്ങളിലേക്ക് പോയാൽ, ചെറിയൊരു കാറ്റടിച്ചാൽ തന്നെ വേഗത്തിൽ ആളിപ്പടരാനിടയുണ്ട്. നട്ടുച്ച സമയത്ത് തീ കത്തിക്കാതിരിക്കുക. ഈ സമയത്ത് കാറ്റിന് ശക്തി കൂടാനും വേഗത്തിൽ ആളിപ്പടരാനും ഇടയാക്കും. കൂടാതെ, മാലിന്യം കത്തിക്കുമ്പോൾ എപ്പോഴും മുൻകരുതലെന്നോണം ആവശ്യത്തിന് വെള്ളം കരുതിവെക്കുക. അബദ്ധവശാൽ തീ പടർന്നാൽ വെള്ളം തിരഞ്ഞുപോകേണ്ടതില്ല. മാലിന്യങ്ങൾ കൂട്ടിയിടുന്നതിലും ജാഗ്രത വേണം. അടിക്കാടുകൾക്കും പുല്ലിനും ചൂട് കാലത്ത് തീ കത്തുന്നത് പതിവുസംഭവമാണ്. ഇത്തരം അടിക്കാടുകൾ വെട്ടാൻ ശ്രദ്ധിക്കുക. ഇതിനെല്ലാം പുറമേ സാമൂഹ്യ വിരുദ്ധർ മനഃപൂർവം തീയിടുന്ന സംഭവങ്ങളുമുണ്ട്. ഇതിനെതിരെയും ജാഗ്രത പാലിക്കണം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഫയർഫോഴ്സിനെ (101) അറിയിക്കേണ്ടതും പ്രധാനമാണ്. ഫയർഫോഴ്സ് എത്തുന്നതു വരെ കാത്തുനിൽക്കാതെ, വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് തീ അണക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.