ശ്രീമൂലം ക്ലബ് നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു
മൂവാറ്റുപുഴ :ശ്രീമൂലം ക്ലബിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വീട്അർഹമായ ഒരു കുടുംബത്തിന് നൽകി വീടിന്റെ താക്കോൽ കൈമാറി. ഗൃഹനാഥനും ഭാര്യയും രണ്ട് കുട്ടികളും ഒന്നിച്ച് പുറമ്പോക്കിൽ താൽക്കാലിക ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്.
അപകടത്തെ തുടർന്ന് കുടുംബത്തിന്റെ ഗൃഹനാഥൻ ഭാഗികമായി പക്ഷാഘാതം ബാധിച്ച് തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. വരുമാനമാർഗം ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്ന ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി മാറാടി പഞ്ചായത്ത് മുൻ പ്രസിഡൻ്റും ക്ലബ് വൈസ് പ്രസിഡൻ്റുമായ ഒ.പി. ബേബി വിഷയത്തിൽ ഇടപെടുകയും ക്ലബിലെ അംഗങ്ങളുടെ സഹായത്തോടെ 650 സ്ക്വയർ ഫീറ്റ് വീട് നാലുമാസം കൊണ്ട് സമയബന്ധിതമായി നിർമിക്കുകയും ചെയ്തു.
വീട് നിർമിക്കാൻ ആവശ്യമായ നാല് സെൻറ് സ്ഥലം ക്ലബ് അംഗമായ രാജു ചാക്കോ ആടുകുഴി സൗജന്യമായി നൽകി. വീടിന്റെ താക്കോൽ കൈമാറ്റം മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ ക്ലബ് പ്രസിഡൻറ് ജോസ് വർക്കി കാക്കനാട്, വൈസ് പ്രസിഡൻറ് ഓ.പി. ബേബി, സെക്രട്ടറി ദീപു എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ചടങ്ങിൽ ട്രഷറർ ബി.ബി. കിഷോർ ജോയിൻറ് സെക്രട്ടറി അഡ്വ. ഒ.വി. അനീഷ് എന്നിവർ പ്രസംഗിച്ചു. മുമ്പും ശ്രീമൂലം ക്ലബ് ആയവനയിൽ സമാനമായ രീതിയിൽ ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകിയിരുന്നു. അർഹരായവർക്ക് ക്ലബ് വിവിധ മെഡിക്കൽ സഹായങ്ങളും നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.