നോക്കുകുത്തിയായ പൊലീസ് എയ്ഡ് പോസ്റ്റ്, ആശ്രമം ബസ് സ്റ്റാൻഡിലെ പൊളിഞ്ഞ കസേരകൾ
യാത്രക്കാരുടെ ശ്രദ്ധക്ക്: ആശ്രമം ബസ് സ്റ്റാൻഡിൽ പാമ്പും ലഹരി സംഘങ്ങളും
മൂവാറ്റുപുഴ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മൂവാറ്റുപുഴ ആശ്രമം സ്വകാര്യ ബസ് സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയാകുന്നു. കാടുപിടിച്ച പരിസരവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം സ്റ്റാൻഡ് നാശത്തിലേക്കാണ് നീങ്ങുന്നത്. ഇതിനു പുറമെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണ്. ദിവസേന നൂറുകണക്കിനാളുകൾ എത്തുന്ന പ്രധാന ബസ് സ്റ്റാൻഡിൽ സമാധാനത്തോടെ ഒന്നിരിക്കാൻപോലും കഴിയില്ല.
ഇരിപ്പടങ്ങളിൽ ഭൂരിഭാഗവും പൊളിഞ്ഞു വീണ അവസ്ഥയിലാണ്. വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്. സന്ധ്യ മയങ്ങുന്നതോടെ സ്റ്റാൻഡ് പൂർണമായും ലഹരി മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും പിടിയിലാകും. പരസ്യമായ മദ്യപാനവും അസഭ്യവർഷവും മയക്കുമരുന്ന് വിൽപനയുമാണ് ഇവിടെ അരങ്ങേറുന്നത്. വൈകുന്നേരങ്ങളിൽ ഇതുവഴി നടന്നുപോകാൻ പോലും ഭയക്കേണ്ട സാഹചര്യമാണ്. ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളും വിദ്യാർഥികളും വലിയ ഭീതിയിലാണ് ഈ വഴി കടന്നുപോകുന്നത്.
അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും, പൊളിഞ്ഞ ഇരിപ്പിടങ്ങൾ പുനഃസ്ഥാപിക്കുകയും പൊലീസ് ഔട്ട് പോസ്റ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം. നാട്ടുകാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റാൻഡ് വളപ്പിൽ സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റ് നിലവിൽ പേരിനു മാത്രമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.