പിറവം മണൽക്കടവ് ലേല അഴിമതിക്കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറിയെയും യു.ഡി ക്ലർക്കിനെയും വെറുതെവിട്ടു

മൂവാറ്റുപുഴ: പിറവം മണൽക്കടവ് ലേലം അഴിമതിക്കേസിൽ പഞ്ചായത്ത് സെക്രട്ടറിയെയും ക്ലർക്കിനെയും വിജിലൻസ് കോടതി വെറുതെ വിട്ടു. പിറവം പഞ്ചായത്തിൽ 2000-2001 സാമ്പത്തിക വർഷത്തിൽ നടന്ന മണൽക്കടവുകളുടെയും ബസ് സ്റ്റാൻഡിന്റെയും ലേലവുമായി ബന്ധപ്പെട്ട് കോടികളുടെ നഷ്ടം വരുത്തിയെന്ന വിജിലൻസ് കേസിൽ പ്രതികളായിരുന്ന മുൻ പിറവം പഞ്ചായത്ത് സെക്രട്ടറി കെ.എ. ജോസഫ് (78), മുൻ യു.ഡി ക്ലർക്ക് പി.ജി. വിക്രമൻ (74) എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി. രാജേഷ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്.

2000ൽ പിറവം പഞ്ചായത്തിലെ എട്ട് മണൽക്കടവുകൾ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഫീസ് പിരിവ് ലേലം ചെയ്തു നൽകിയതിൽ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ലേലംകൊണ്ടവരിൽ നിന്ന് കൃത്യമായ കരാർപത്രങ്ങളോ സോൾവൻസി സർട്ടിഫിക്കറ്റുകളോ വാങ്ങിയില്ലെന്നും ബാക്കി തുക ഈടാക്കാൻ നടപടി സ്വീകരിക്കാത്തതിനാൽ പഞ്ചായത്തിന് 19,72,404 രൂപയുടെയും മുദ്രപ്പത്ര ഇനത്തിൽ സർക്കാറിന് 2,18,474 രൂപയുടെയും നഷ്ടം സംഭവിച്ചു എന്നുമായിരുന്നു എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയിരുന്നത്.

സുദീർഘമായ വാദപ്രതിവാദങ്ങൾക്കും തെളിവെടുപ്പുകൾക്കും ശേഷമാണ് കോടതി പ്രതികളെ പൂർണമായും കുറ്റവിമുക്തരാക്കിയത്. കേസിൽ പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ച പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥൻ, മുമ്പ് ഇതേ പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന ആളായിരുന്നു. പ്രതികളുമായി വ്യക്തിപരമായ വിയോജിപ്പുകളുണ്ടായിരുന്ന ഇദ്ദേഹം തന്നെ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയത് ‘നീതിപൂർവമായ ഭരണനിർവഹണത്തിന്’ ചേർന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലേലക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രതികൾ മനഃപൂർവം ഒത്തുകളിച്ചതിനോ ഗൂഢാലോചന നടത്തിയതിനോ തെളിവില്ല. ലേലക്കാർ ബാക്കി തുക അടച്ചില്ല എന്ന് സ്ഥാപിക്കാൻ ആവശ്യമായ കാലയളവിലെ രസീത് ബുക്കുകളോ രജിസ്റ്ററുകളോ കോടതിയിൽ ഹാജരാക്കാൻ വിജിലൻസിന് സാധിച്ചില്ല. ഈ കാലയളവിൽ കനത്ത മഴയെത്തുടർന്ന് മണൽ വാരൽ തടസ്സപ്പെട്ടിരുന്നതായും തുടർന്ന് ഹൈകോടതി ഉത്തരവിലൂടെ മണൽ വാരൽ നിരോധിച്ചതായും പ്രതിഭാഗം ബോധിപ്പിച്ചു. ലേലംകൊണ്ടവർ യഥാർഥത്തിൽ മണൽ വാരൽ നടത്തി ലാഭമുണ്ടാക്കിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

ഭരണപരമായ വീഴ്ചകളോ ചട്ട ലംഘനങ്ങളോ ഉണ്ടായതിന്റെ പേരിൽ മാത്രം അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവുകൾ ഉദ്ധരിച്ച് സ്പെഷൽ ജഡ്ജി വ്യക്തമാക്കി. കാൽ നൂറ്റാണ്ടോളം പഴക്കമുള്ള കേസ് കോടതി നടപടികളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് നിരീക്ഷിച്ചാണ് പ്രതികളുടെ ജാമ്യബോണ്ട് റദ്ദാക്കി അവരെ വെറുതെ വിടാൻ കോടതി ഉത്തരവിട്ടത്. പ്രതികൾക്കായി അഡ്വ. എൻ.പി. തങ്കച്ചൻ, അഡ്വ. എം.എസ്. അജിത് എന്നിവരും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിതയും ഹാജരായി.

Tags:    
News Summary - Piravom sand auction corruption case; Former Panchayat Secretary and UD Clerk acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.