പായിപ്ര പഞ്ചായത്തിൽ ഫുട്ബാൾ താരങ്ങളുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത നിലയിൽ
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച പ്രിയതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ എടുത്തുമാറ്റിയത് വിവാദമാകുന്നു. പായിപ്ര പഞ്ചായത്ത് ആറാം വാർഡിൽ ഈസ്റ്റ് മുളവൂർ തൈക്കാവുംപടിയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ബോർഡുകളാണ് അധികൃതർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.
ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ ആരാധകർ താൽക്കാലികമായി സ്ഥാപിച്ച ബോർഡുകളാണ് എടുത്തു കൊണ്ടുപോയത്. ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
രാഷ്ട്രീയ പ്രചാരണ ബോർഡുകളും പരസ്യങ്ങളും വഴിയോരങ്ങളിൽ മാസങ്ങളോളം അനങ്ങാതെ കിടക്കുമ്പോൾ, അധികൃതർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നു കായികപ്രേമികൾ ആരോപിക്കുന്നു. ഫുട്‌ബാൾ ആരാധകർ ഏറെയുള്ള തൈക്കാവുംപടിയിൽ അധികൃതരുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നാടിന്റെ കായിക സംസ്കാരത്തെയും യുവാക്കളുടെ ആവേശത്തെയും തല്ലിക്കെടുത്തുന്ന ഇത്തരം നീക്കങ്ങളിൽനിന്ന് അധികൃതർ പിന്മാറണമെന്നാണ് കളി ആരാധകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.