ചെളിവെള്ളം ലഭിക്കുന്ന കുഴൽ കിണർ ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ
എടക്കാട്ടുവയലിലെ ആദിവാസികളെ ഗ്രാമപഞ്ചായത്ത് അധികാരികൾ ഓർമപ്പെടുത്തുന്നത് 'വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിന്റെ കവിതയിലെ വരികളാണ്. രാത്രി ഊരിലെ റോഡുകളിലെ തെരുവുവിളക്കൊന്നും കത്തില്ല. ഇഴജന്തുക്കൾ വിഹരിക്കുന്ന വഴിയിൽ രാത്രി ഇറങ്ങാൻ ഭയമാണ്. കഴിഞ്ഞ ആഴ്ച ഊരിലെ വീട്ടമ്മയെ പാമ്പ് കടിച്ചിരുന്നു. പട്ടയം നൽകിയപ്പോൾ പുനരധിവാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കുമെന്നാണ് പട്ടികവർഗ വകുപ്പ് ഉറപ്പ് നൽകിയത്. പുനരധിവാസ മിഷൻ അതിന് ഫണ്ട് നീക്കിവെച്ചിരുന്നു. വൈദ്യുതിക്ക് 13 ലക്ഷവും റോഡ് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന് 31 ലക്ഷവും കുടുംബശ്രീക്ക് 3.78 ലക്ഷവും കുടിവെള്ള പദ്ധതിക്ക് 75 ലക്ഷവും ജല വകുപ്പിന് 5.79 ലക്ഷവും നൽകി. അതെല്ലാം പുനരധിവാസ മേഖലയിൽ ചെലവഴിച്ചെന്നാണ് കണക്ക്.
ആദിവാസികൾ താമസത്തിനെത്തിയപ്പോൾ ഊരിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇപ്പോൾ വീടുകളിൽ വൈദ്യുതി ലഭിക്കുന്നുണ്ട്. സ്വന്തമായി നിർമിച്ച വീടുകളുടെ വൈദ്യുതീകരണം സ്വന്തം ചെലവിലാണ് ഗുണഭോക്താക്കൾ നിർവഹിച്ചത്. തുടർന്ന് നടപ്പാതകളിൽ പോസ്റ്റുകളിട്ടു. തെരുവുവിളക്കുകൾ തെളിഞ്ഞു.
തൊട്ടുപിന്നാലെ എം.പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്ക് ലൈറ്റും ഇട്ടു. അതിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ, ഏതാനും നാൾ മാത്രമേ ആ വെളിച്ചം ഊരിന് ലഭിച്ചുള്ളൂ. പിന്നീട് ബൾബുകൾ ഒന്നൊന്നായി അണഞ്ഞു. കാരണം എന്താണെന്ന് ആർക്കുമറിയില്ല.
കണ്ണൂരിലെ ഏജൻസിക്കാണ് കരാർ നൽകിയതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നൽകിയ മറുപടി. രണ്ട് ലക്ഷം രൂപ അതിന് നൽകിയെന്നാണ് ആദിവാസികളുടെ അറിവ്. എന്നാൽ, ലൈറ്റ് തെളിയാതായപ്പോൾ പഞ്ചായത്ത് അധികൃതർ കൈമലർത്തി. പഞ്ചായത്ത് പറഞ്ഞതു പ്രകാരം ഊരുമൂപ്പൻ രതീഷ് കരാറുകാരന്റെ മൊബൈലിലേക്ക് വിളിച്ചു. സൗകര്യമുള്ളപ്പോൾ വരാമെന്നായിരുന്നു മറുപടി. വിളക്ക് തെളിക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഇനി ആരെങ്കിലും വരുമെന്ന പ്രതീക്ഷയും ആദിവാസികൾക്കില്ല. ഊരിൽ നടത്തിയ 'വികസന'ത്തിന്റെ കൊടിയടയാളമായി ഹൈമാസ്റ്റ് ലൈറ്റ് ആകാശം മുട്ടെ ഉയർന്നുനിൽക്കുന്നു.
വൈദ്യുതി ബോർഡാണ് തെരുവുവിളക്ക് സ്ഥാപിച്ചത്. തെരുവുവിളക്കും ക്രമേണ അണഞ്ഞു. പഞ്ചായത്തും വൈദ്യുതി വകുപ്പും ചേർന്ന് ആദിവാസികളെ പറ്റിച്ചെന്ന കാര്യത്തിൽ സംശയമില്ല. പട്ടികവർഗ ഓഫിസർ വെളിച്ചമില്ലാത്ത ഈ ഊര് ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.
മണ്ണിടിച്ചിൽ ഭീതി
ഗതാഗത സൗകര്യത്തിന് പൊതുമരാമത്ത് വകുപ്പ് റോഡ് നിർമിച്ചു. സംരക്ഷണഭിത്തി നിർമിക്കാതെ നിർമിച്ചതിനാൽ മഴക്കാലത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് താഴെയുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഊരിനുള്ളിലേക്കുള്ള റോഡ് ടാർ ചെയ്തിട്ടുണ്ട്. റോഡ് കനംകുറച്ച് നിർമിക്കപ്പെട്ടതിനാൽ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ താഴ്ന്നു പോവുകയാണ്.
എടക്കാട്ടുവയൽ വലിയൊരു കുന്നാണ്. ചെങ്കുത്തായ ചരിവുള്ള കുന്ന്. ഈ ഭൂപ്രദേശത്ത് മണ്ണിടിച്ചിൽ സ്വാഭാവികമാണ്. അതിനാൽ മണ്ണ് ഇടിച്ചിൽ തടയുന്നതിന് മതിൽ ആവശ്യമാണ്. അത് ഇതുവരെ ചെയ്തിട്ടില്ല. ഇവിടെ ജീവിക്കുന്നവർക്ക് മണ്ണിടിച്ചിൽ ഉണ്ടാകാതെ കുന്ന് എങ്ങനെ സംരക്ഷിക്കണം എന്നത് സംബന്ധിച്ച് ശാസ്ത്രീയ അറിവ് നൽകേണ്ടത് ആവശ്യമാണ്. ഭൂമി തട്ടുകളായി തിരിച്ച് മാത്രമേ ഉപയോഗിക്കാനാവൂ. ഇപ്പോഴത്തെ അവസ്ഥയിൽ ശക്തമായ മഴ പെയ്താൽ മണ്ണിടിച്ചിൽ ഉറപ്പാണ്. കുന്നിന് താഴെയുള്ള വീടുകൾ അപകട ഭീഷണിയിലാവും. ഇക്കാര്യത്തിലും പട്ടികവർഗ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ട്.
കുടിവെള്ളത്തിനും അടിപിടി
ആദ്യകാലത്ത് കുടിവെള്ളത്തിന് അടിപിടി നടത്തിയെന്നാണ് പ്രദേശത്തെ താമസക്കാർ പറയുന്നത്. അന്ന് കുടിവെള്ളം മതിയായ രീതിയിൽ ലഭിച്ചിരുന്നില്ല. കുന്നിന് മുകളിൽ കിണർ കുത്തിയാൽ വെള്ളം കിട്ടില്ല. അതിനാൽ, ആറ് കുഴൽക്കിണർ സ്ഥാപിച്ച് വെള്ളം നൽകാൻ ശ്രമിച്ചു. അതിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ചളി കലങ്ങിയ കുഴൽക്കിണറിലെ വെള്ളം കുടിക്കാനോ തുണി കഴുകാനോ ഉപയോഗിക്കാനാവില്ല. ആദ്യകാലത്ത് 350 രൂപക്ക് ആഴ്ചയിൽ ഒരു ടാങ്ക് വെള്ളം വീട്ടാവശ്യത്തിന് വാങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. ടി.എം. ജേക്കബിന്റെ കാലത്ത് കുടിവെള്ളത്തിന് പൈപ്പിട്ടു. പിന്നീട് കുടിവെള്ള പദ്ധതി നടപ്പാക്കി.
പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണി സ്ഥാപിച്ചു. എന്നാൽ, പലതട്ടുകളായുള്ള പ്രദേശത്തിന്റെ മധ്യഭാഗത്താണ് സംഭരണി സ്ഥാപിച്ചത്. അതിനാൽ കുടിവെള്ള സംഭരണിയുടെ മുകൾ ഭാഗത്തുള്ള വീടുകളിൽ പലപ്പോഴും കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുന്നിന്റെ ഏറ്റവും മുകളിലാണ് സംഭരണി സ്ഥാപിച്ചതെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. കുന്നിന് ഏറ്റവും താഴെ 15 അടി നീളമുള്ള കുളമുണ്ട്. വേനൽക്കാലത്തും അതിൽ നിറയെ വെള്ളമുണ്ട്. കുന്നിൻ മുകളിൽ വാട്ടർ ടാങ്ക് നിർമിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളം കുന്നിൻ മുകളിൽ എത്തിക്കാവുന്നതാണ്. ഇതുവഴി ഊര് നിവാസികൾക്ക് ആവശ്യമായ പച്ചക്കറിയും മറ്റും കൃഷി ചെയ്യാനും സാധിച്ചേനെ. അതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ചിന്തിച്ചില്ല.
(നാളെ: വേണം, ഊരിൽ അക്ഷരവെളിച്ചം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.