മൂവാറ്റുപുഴ മുനിസിപ്പൽ പാർക്ക് നവീകരണത്തിന്റെ ഭാഗമായി തയാറാക്കിയ രൂപരേഖ
മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ ഡ്രീം ലാൻഡ് മുനിസിപ്പൽ പാർക്ക് നവീകരണത്തിനൊരുങ്ങി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ സമഗ്ര നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. കേരളത്തിലെ മികച്ച നഗര പാർക്കുകളിൽ ഒന്നാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാർക്കിന്റെ പകുതി ഭാഗത്താണ് ആദ്യഘട്ട വികസനം നടപ്പാക്കുന്നത്. പുതിയ ഡി.പി.ആർ പ്രകാരം, ലഭ്യമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പാക്കുന്ന രീതിയിലാണ് വികസന പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നത്. പാർക്കിലെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഏറെ നാളായി സന്ദർശകരും നാട്ടുകാരും നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു. ഇതിന് സ്ഥിരപരിഹാരമായി, പാർക്കിനുള്ളിൽതന്നെ പാർക്കിങ് സൗകര്യം ഒരുക്കും.
ഒരാഴ്ചക്കുള്ളിൽതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൻ ജോയ്‌സ് മേരി ആന്റണി അറിയിച്ചു. കുട്ടികൾക്കായുള്ള ആധുനിക കളി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി നഗരസഭ പ്രത്യേകമായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പാർക്കിനെ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും കൂടുതൽ ആകർഷകമാക്കുന്ന രീതിയിൽ നൈറ്റ് ലൈഫ് സൗകര്യങ്ങൾ, മനോഹര ലൈറ്റിംഗ് സംവിധാനങ്ങൾ, ഇരിപ്പിടങ്ങൾ, വാക്ക് വേ, സൗന്ദര്യവത്കരണം എന്നിവയും പദ്ധതിയുടെ ഭാഗമായി പരിഗണനയിലാണ്. മൂവാറ്റുപുഴയുടെ നഗരസൗന്ദര്യത്തിന് പുതിയ അധ്യായമാകുന്ന നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ കുടുംബങ്ങൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി പാർക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.