കണ്ടാലും കൊണ്ടാലും പഠിക്കില്ല; അഗ്നിസുരക്ഷ സംവിധാനമൊരുക്കാതെ പൈതൃക സ്മാരകങ്ങൾ
മട്ടാഞ്ചേരി: കഴിഞ്ഞ മാസം 29നാണ് ഫോർട്ടുകൊച്ചിയിലെ പൈതൃക ബംഗ്ലാവ് കോഡർ ഹൗസ് ഹോട്ടൽ അഗ്നിക്കിരയായത്. തീ കെടുത്തുന്നതിൽ അഗ്നി രക്ഷസേനക്ക് ഉണ്ടായ വിഴ്ച്ചകൾക്കൊപ്പം ഇത്രയും വലിയ ഹോട്ടലിൽ അഗ്നി സുരക്ഷ മുൻകരുതലുകൾ ഇല്ലാതിരുന്നതും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അപകടത്തിന് ശേഷം ഇത്രയും ദിവസമായിട്ടും ഫോർട്ടുകൊച്ചിയിലെ പൈതൃക പെരുമയും പേറി നിൽക്കുന്ന കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്മാരകങ്ങൾ എന്നിവയിലൊന്നും ഒരു സുരക്ഷ മാനദണ്ഡവും ഒരുക്കിയിട്ടില്ലെന്ന് മാത്രമല്ല ഇവ പരിശോധനക്ക് വിധേയമാക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. നൂറ് കണക്കിന് പൈതൃക കെട്ടിടങ്ങളാണ് മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലയിൽ ഉള്ളത്. മരം കൊണ്ടുള്ള നിർമാണങ്ങളാണ് മിക്കതും നിലം, മച്ച്, മേൽക്കൂര എല്ലാം മരങ്ങൾ കൊണ്ട് നിർമ്മിച്ചവ. ചെറിയൊരു തീപ്പൊരി വീണാൽ ആളിക്കത്തുന്ന പഴക്കമേറിയ മര ഉരുപ്പടികൾ അടങ്ങുന്നവ. മേഖലയിലെ പൈതൃക സ്മാരകങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഒരു അപകടം മുന്നിൽ തെളിഞ്ഞിട്ടും അഗ്നി സുരക്ഷാ സംവിധാനം ഒരുക്കാൻ ആരും തയ്യാറാകുന്നില്ല. പലയിടങ്ങളിലും പേരിന് മാത്രമായി ഒരു എക്സ്റ്റിംഗ്യൂഷർ മാത്രം ഒരുക്കിയിട്ടുണ്ട്.
ഡച്ച് നിർമിത ഡേവിഡ് ഹാൾ
ലോക സസ്യ ശാസ്ത്രത്തിന്റെ ആദ്യ അടിസ്ഥാന കൈപുസ്തകം എന്നറിയപ്പെടുന്ന ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയുടെ ഭാഗമായി ഡച്ച് ഭരണകാലത്ത് അന്നത്തെ ഗവർണറായിരുന്ന ഹെൻറിക് ആൻഡ്രിയൻ വാൻ റീഡ് പണികഴിപ്പിച്ച കെട്ടിടമാണ് ഡേവിഡ് ഹാൾ. കെട്ടിടം ഇപ്പോൾ ആർട്ട് ഗ്യാലറിയും ഹോട്ടലുമായി പ്രവർത്തിച്ചുവരുന്നു. നിരവധി സഞ്ചാരികൾ വന്നുപോകുന്ന ഇവിടെ അഗ്നി സുരക്ഷക്കായി ആകെയുള്ളത് ആറ് കിലോ തൂക്കം വരുന്ന ഒരു ഫയർ എക്സ്റ്റിംഗ്യൂഷർ മാത്രം. ഒരു ഹോട്ടൽ കൂടി പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് കണ്ണിൽ പൊടിയിടാനായി ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സഞ്ചാരികൾ ദിനംപ്രതിയെത്തുന്ന ഇന്ത്യയിലെ ആദ്യ യൂറോപ്യൻ ദേവാലയമായ സെൻറ്. ഫ്രാൻസിസ് ദേവാലയത്തിൽ സുരക്ഷക്കായി ഉള്ളത് നാല് കിലോ തൂക്കം വരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപകരണം മാത്രം.
ജില്ല പൈതൃക മ്യൂസിയം
രാജ്യത്തെ ആദ്യ യൂറോപ്യൻ കോട്ടയായിരുന്ന പോർച്ചുഗീസ് നിർമ്മിത ഇമ്മാനുവൽ കോട്ടയുടെ കൊത്തളമായിരുന്ന ബാസ്റ്റിൻ ബംഗ്ലാവ് നിലവിൽ ജില്ല പൈതൃക മ്യൂസിയമാണ്. ഒട്ടേറെ സഞ്ചാരികൾ ദൈനംദിനം വന്നു പോകുന്ന ഈ മ്യൂസിയത്തിൽ ഒരു ഫയർ അലർട്ട് സംവിധാനമുണ്ടെങ്കിലും മറ്റ് സുരക്ഷ നടപടികളുടെ ഭാഗമായി ആറ് കിലോ തൂക്കം വരുന്ന ഒരു ഫയർ എക്സ്റ്റിംഗ്യൂഷർ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ ഏറിയ പങ്കും മരം കൊണ്ടുള്ള നിർമ്മിതിയാണ്. കടലിനോട് ചേർന്ന് കിടക്കുന്നതിനാൽ എപ്പോഴും കടൽ കാറ്റ് അടിക്കുന്നയിടം കൂടിയാണ്. ആയതിനാൽ കൂടുതൽ അഗ്നി സുരക്ഷ ഒരുക്കേണ്ട കേന്ദ്രം കൂടിയാണ്. ഇതു പോലെ മിക്ക ചരിത്ര സ്മാരകങ്ങളിലും പേരിന് ഒരുഫയർ എക്സ്റ്റിംഗ്യൂഷർ ഉപകരണം മാത്രമാണുള്ളത്.
അഗ്നിരക്ഷ യൂനിറ്റ് വേണം
പൈതൃക മേഖല എന്നതിനൊപ്പം ജനസാന്ദ്രത ഏറിയ പ്രദേശം കൂടിയായ ഫോർട്ട് കൊച്ചിയിൽ അടിയന്തരമായി അഗ്നിരക്ഷ യൂനിറ്റ് ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വൈദേശിക നാഗരികതകൾ കൈവരിച്ച പ്രദേശമെന്ന നിലയിൽ നിരവധി ചരിത്രപ്രാധാന്യമുള്ള പൈതൃക കെട്ടിടങ്ങൾ ഈ മേഖലയിൽ ഉണ്ട്.
പൈതൃക സംരക്ഷണത്തിന് പ്രത്യേക പാക്കേജ് തന്നെ അനുവദിക്കേണ്ടതാണെന്ന് ടൂറിസം രംഗത്തെ ഗൈഡുകളും ആവശ്യപെടുന്നു. ഫയർ എക്സ്റ്റിംഗ്യൂഷർ തീപിടുത്തം ഉണ്ടാകുമ്പോൾ തന്നെ അണക്കാൻ ഉപയോഗിക്കുന്ന സംവിധാനം മാത്രമാണ്.
തീ പിടിച്ചാൽ കെടുത്തുവാൻ ഇവ പര്യാപ്തമല്ല. അഗ്നി സുരക്ഷ സംവിധാനം എല്ലാ പൈതൃക കെട്ടിടങ്ങളിലും സജ്ജമാക്കാൻ അധികൃതർ ഇടപെടണമെന്നും അമൂല്യമായ ഈ നിധിശേഖരങ്ങൾ സംരക്ഷിക്കപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വേണ്ടത് യാർഡ് ഹൈഡ്രൻറ് സംവിധാനം
ചരിത്ര സ്മാരകങ്ങളടക്കം പൈതൃക കെട്ടിടങ്ങളിൽ അഗ്നി സുരക്ഷയുടെ ഭാഗമായി യാർഡ് ഹൈഡ്രൻറ് സംവിധാനമാണ് വേണ്ടതെന്ന് മട്ടാഞ്ചേരി അഗ്നി സുരക്ഷ കേന്ദ്രം സ്റ്റേഷൻ ഓഫിസർ ജെഹുഫർ പറയുന്നു. കെട്ടിടങ്ങളുടെ മുറ്റത്തോ തുറസ്സായ സ്ഥലങ്ങളിലോ വെള്ളം വേഗത്തിൽ ലഭ്യമാക്കാൻ സ്ഥാപിക്കുന്ന വാൽവ് അടങ്ങിയ പ്രത്യേക സംവിധാനമാണിത്. മട്ടാഞ്ചേരി സിനഗോഗ് മേഖലയിൽ കടകളുടെ ബാഹുല്യം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.