നഗരത്തിലെ ജലക്ഷാമം; നടപടിയുമായി സർക്കാർ
കൊച്ചി: ഏതാനും മാസമായി കൊച്ചി നഗരം നേരിടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിൽ നടപടിയുമായി സർക്കാർ. ആലുവയിലെ ജല ശുദ്ധീകരണശാലയുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ജലവിതരണം കാര്യക്ഷമാക്കുന്നതിൽ കടുത്ത വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടാകും.
കൊച്ചി നഗരത്തിലും എറണാകുളം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. ഇതിനുള്ള മറുപടിയിൽ ജലവിഭവ മന്ത്രി മോൻസ് ജോസഫാണ് നടപടികൾ വ്യക്തമാക്കിയത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്ന പരാതികൾ വിവിധ തലങ്ങളിൽ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ കൊച്ചിയിലെ എം.എൽ.എമാർ ഉൾപ്പെടെ ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചിറ്റൂർ, വടുതല, പച്ചാളം, തട്ടാഴം, അയ്യപ്പൻകാവ്, എളമക്കര, കലൂർ തുടങ്ങിയ പ്രദേശങ്ങളിലും നഗരമധ്യത്തിലെ പി.ടി. ഉഷ റോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിലുമാണ് അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. കുടിവെള്ളത്തിനായി ജനങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യം പോലും നിലനിൽക്കുന്നതായി എം.എൽ.എ ചൂണ്ടിക്കാട്ടി. ആലുവയിൽ നിന്നും മരടിൽ നിന്നും ലഭിക്കുന്ന വെള്ളം തമ്മനത്തെ 135 എം.എൽ.ഡി. ശേഷിയുള്ള ടാങ്കിൽ സംഭരിച്ചാണ് കൊച്ചി നഗരത്തിൽ വിതരണം ചെയ്തിരുന്നത്. 2025 നവംബർ 10ന് കാലപ്പഴക്കം മൂലം ടാങ്കിന്റെ 65 എം.എൽ.ഡി. ശേഷിയുള്ള ഒരു അറ തകർന്നു. തുടർന്ന് വിദഗ്ധ നിർദേശപ്രകാരം ശേഷിക്കുന്ന 65 എം.എൽ.ഡി. ശേഷിയുള്ള അറയിൽ ഏകദേശം 40 എം.എൽ.ഡി. വെള്ളം മാത്രം സംഭരിച്ച് പമ്പ് ചെയ്താണ് ജലവിതരണം നടത്തിവരുന്നത്. ടാങ്കിന്റെ ഒരു അറ തകർന്നതിനെത്തുടർന്ന് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ വിതരണം നടന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി നഗരത്തിൽ ഗുരുതരമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വെള്ളത്തിന്റെ ലഭ്യതയിൽ കുറവുണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിലും വിതരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിലും വീഴ്ച്ച ഉണ്ടായതാണ് ജലക്ഷാമത്തിന് വഴിയൊരുക്കിയതെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ കൊച്ചിയിലെ എം.എൽ.എമാർ ഉൾപ്പെടെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കും.
നിലവിലെ പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിച്ച് ജലവിതരണം മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനുമുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലും സമീപ പ്രദേശങ്ങളായ കീഴ്മാട്, എടത്തല, ചൂർണിക്കര, ഞാറയ്ക്കൽ, ഏലങ്കുന്നപ്പുഴ, മുളവുകാട്, നായരമ്പലം, വരാപ്പുഴ, ചേരാനല്ലൂർ, കടുങ്ങല്ലൂർ, ചെല്ലാനം, കുമ്പളങ്ങി, കടമക്കുടി തുടങ്ങിയ പ്രദേശങ്ങളിലും ജലവിതരണം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏഷ്യൻ വികസന ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കൊച്ചി അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സർവേ, ആസ്തികളുടെ മാപ്പിങ്, പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കാനും പത്തുവർഷത്തെ പരിപാലനം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ആലുവ ജലശുദ്ധീകരണശാലയിലെ കാലപ്പഴക്കം ചെന്ന പമ്പ് സെറ്റ് മാറ്റിസ്ഥാപിക്കുന്നതിലൂടെ പ്രതിദിനം അഞ്ച് എം.എൽ.ഡി. അധിക ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.