പ്രതീകാത്മക ചിത്രം
അശ്രദ്ധമായ ഡ്രൈവിങ്: അഞ്ച് വർഷത്തിനിടെ പൊലിഞ്ഞത് 10,744 ജീവൻ
കൊച്ചി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ച 20,000ഓളം പേരിൽ പകുതിയിലധികം ആളുകളുടെയും മരണത്തിനിടയാക്കിയത് വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ. അപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കുമ്പോഴും അശ്രദ്ധമായും മദ്യപിച്ചും വാഹനവുമായി പുറത്തിറങ്ങുന്നവർ റോഡുകൾ ചോരക്കളമാക്കുകയാണെന്ന് കേരള പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലും കാർ ഓടിച്ച യുവാവിന്‍റെ മദ്യലഹരിയും അമിത വേഗവുമായിരുന്നു.2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 19,443 ആണ്. 2,55,515 പേർക്ക് പരിക്കേറ്റു. ഈ വർഷം ആഗസ്റ്റ് വരെ 35,873 അപകടങ്ങളിലായി 2,702 പേർ മരിക്കുകയും 41,040 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തിനിടെയുണ്ടായ റോഡപകട മരണങ്ങളിൽ 10,744 പേരുടെ ജീവൻ അപഹരിച്ചത് വാഹനമോടിച്ചവരുടെ അശ്രദ്ധയാണെന്നാണ് പൊലീസ് കണ്ടെത്തൽ.
മദ്യപിച്ച് വാഹനമോടിച്ചവർ വരുത്തിവെച്ച അപകടങ്ങളിൽ മാത്രം മരിച്ചത് 114 പേരാണ്. മൃഗങ്ങൾ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ 125 പേർ മരിച്ചു. മൊബൈലിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങാണ് 14 പേരുടെ മരണത്തിനിടയാക്കിയത്. കോവിഡ് കാലമായ 2020, ’21 വർഷങ്ങളിൽ റോഡപകടങ്ങൾ കുറഞ്ഞു. ഈ വർഷങ്ങളിൽ യഥാക്രമം 27,877ഉം 33,296ഉം ആയിരുന്നു അപകടങ്ങൾ. എന്നാൽ, 2022 മുതൽ 43,000ന് മുകളിലേക്ക് ഉയർന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് അപകടങ്ങളുടെ എണ്ണത്തിൽ മുന്നിൽ.
അപകടങ്ങളിൽ മരിച്ചവരിൽ ഭൂരിഭാഗവും ബൈക്ക്, കാർ യാത്രക്കാരുമാണ്. അഞ്ച് വർഷത്തിനിടെ 7,521 ഇരുചക്ര വാഹന യാത്രികരും 4,209 കാർ യാത്രക്കാരും മരിച്ചു. കൂടുതൽ അപകടങ്ങളും സംഭവിച്ചത് വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ്. തകർന്ന റോഡുകൾ, കാൽനടയാത്രക്കാരുടെ അശ്രദ്ധ, വാഹനങ്ങളുടെ സാങ്കേതിക തകരാർ, വെളിച്ചക്കുറവ്, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയാണ് അപകടങ്ങൾക്ക് പിന്നിലെ മറ്റു പ്രധാന കാരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.