പൊൻവെയിലിൽ പൊന്നണിയാൻ... എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഇന്ദിര ഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. വീയപുരം ചുണ്ടൻ രണ്ടും നടുഭാഗം ചുണ്ടൻ മൂന്നും സ്ഥാനങ്ങൾ നേടി z ബൈജു കൊടുവള്ളി

കൊച്ചി കായലിനെ കീറിമുറിച്ച് പാഞ്ഞ് ചുണ്ടൻ വള്ളങ്ങൾ

കൊച്ചി: മറൈൻഡ്രൈവ് ഇന്നലെ തുഴയാവേശത്തിന്‍റെ നെറുകയിലായിരുന്നു. കായലിലാകെ കണ്ണുചിമ്മുന്ന കാഴ്ചകളുടെ മേളം. കരയിലാകെ ആർപ്പുവിളിയുമായി തടിച്ച്കൂടിയ ജന സഞ്ചയം. ഉത്സവ പ്രതീതിയായിരുന്നു മറൈൻഡ്രൈവിലാകെ. വള്ളംകളിയുടെ മേളം ആദ്യമായി ആസ്വദിക്കുന്നവരും തുഴയാവേശം നെഞ്ചേറ്റിയവരും വിനോദ സഞ്ചാരികളായെത്തിയവരും എല്ലാം ഒത്തുകുടുകയായിരുന്നു. ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിക്കായി കേരളം കണ്ട അതികായരായ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ചാട്ടുളിപോലെ ചീറിപായുന്ന വീറുറ്റ പോരാട്ടത്തിനാണ് മറൈൻ ഡ്രൈവ് സാക്ഷ്യംവഹിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആറാം സീസണിലെ അഞ്ചാമത് മത്സരമാണ് മറൈൻഡ്രൈവിൽ കൊച്ചികായലിന്‍റെ നെട്ടായത്തിൽ അരങ്ങേറിയത്. ചരിത്രമുറങ്ങുന്ന കൊച്ചികായലിൽ പുതു ചരിത്രമെഴുതാനിറങ്ങിയ ഒമ്പത് ചുണ്ടൻ വള്ളങ്ങളും കായലോളങ്ങളെ പിറകോട്ട് വകഞ്ഞ് മാറ്റി മുന്നേറിയപ്പോൾ മുറുകുന്ന ഞരമ്പിനൊപ്പം പെരുത്ത് കയറുന്ന താളത്തിൽ കാണികൾ ആർപ്പ് വിളിക്കുകയായിരുന്നു. ഓരോ ഹീറ്റ്സിലും ഇഞ്ചോടിഞ്ച് ചുണ്ടൻ വള്ളങ്ങൾ പൊതുമ്പോൾ ആര് ജയിക്കുമെന്നറിയാനുള്ള പരിമുറക്കത്തിൽ കണ്ട് നിന്ന ജനം സ്വയം മറന്ന് ആറപ്പ് വിളിച്ചുപോകുകയായിരുന്നു.

രാവിലെ 11 മുതൽ വള്ളംകളിക്ക് മുന്നോടിയായി വിവിധ പരിപാടികൾ തുടങ്ങിയിരുന്നു. നേവി ഒരുക്കിയ അഭ്യാസ പ്രകടനങ്ങൾ കരയിലാകെ അൽഭുത പ്രകമ്പനം സൃഷ്ടിച്ചു. കലാപരിപാടികളും അരങ്ങേറി. ഇരുട്ടുകുത്തിയിൽ പുരുഷ, വനിതാ ടീമുകളുടെ മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇരുട്ടുകുത്തി വള്ളങ്ങൾ തുഴഞ്ഞ ടീമുകൾക്ക് ക്യാഷ് അവാർഡുകളും ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. ഗോശ്രീ പാലം മുതല്‍ മറൈന്‍ ഡ്രൈവ്‌ ജെട്ടി വരെയായിരുന്നു മത്സരപാത. ആഴവും അടിയൊഴുക്കും ഇല്ലാത്ത ഈ പാത, കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചുണ്ടന്‍ വള്ളംകളി മത്സരവേദിയാണ്‌. അതുകൊണ്ടു തന്നെ തുഴക്കാരുടെ ശക്തിയും ഊര്‍ജ്ജവും ശൈലിയുമനുസരിച്ചാണ്‌ വിജയം കൈവരിയ്‌ക്കാനാവുക. ഇത്തവണ നടന്ന ആദ്യപാദ സി.ബി.എൽ മത്സരങ്ങളിൽ കത്തിക്കയറിയ ആരോമ ചുണ്ടൻ കൊച്ചികായലിൽ തളർന്ന് പോകുന്ന കാഴ്ചയാണുണ്ടായത്. സി.ബി.എല്ലിൽ അരോമ, നടുഭാഗം, വീയപുരം, മേൽപ്പാടം, നിരണം, ആർപ്പൂക്കര, ചെറുതന, നിരണം പുണ്യാളൻ, തലവടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മറൈൻഡ്രൈവിൽ തുഴക്കരുത്തിൽ മാറ്റുരച്ചത്.

മേല്‍പ്പാടം ചുണ്ടന്‍റേത് പൊരുതിനേടിയ വിജയം

മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കിയാണ് പള്ളാത്തുരുത്തി തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ വിജയിച്ചത്. ആദ്യ 100 മീറ്ററില്‍ തന്നെ മേല്‍പ്പാടം തുഴപ്പാടുകള്‍ക്ക് മുന്നിലെത്തി. എന്നാല്‍ നെട്ടായം പുരോഗമിച്ച് പകുതിയെത്തുമ്പോള്‍ യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ഞെട്ടിക്കുന്ന പ്രകടനവുമായി മുന്നേറി. 2021 ലെ രണ്ടാം സീസണില്‍ ചമ്പക്കുളം ചുണ്ടനില്‍ യുബിസി കൈനകരി നടത്തിയ അട്ടിമറി ഇവിടെ ആവര്‍ത്തിച്ചെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. അത് വരെ മൂന്നാം സ്ഥാനത്തായിരുന്ന പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും ചാട്ടുളി പോലെ മുന്നോട്ടു നീങ്ങി. മത്സരം തീരാന്‍ കേവലം അമ്പത് മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ പള്ളാത്തുരുത്തിയുടെ തുഴച്ചില്‍ക്കാര്‍ നടത്തിയ അവസാന ശ്രമമാണ് ഫലം കണ്ടത്.

ഫിനിഷിങ് ഇങ്ങനെ

മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്ന്, വീയപുരം ചുണ്ടൻ-(യു.ബി.സി കൈനകരി എഫ്.സി) രണ്ട്, നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എന്‍.സി.എഫ്.സി ബോട്ട് ക്ലബ്) മൂന്ന്.

അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്, പരവൂർ, കൊല്ലം) നാല്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്,കുമരകം) അഞ്ച്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) ആറ്.

നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്, നിരണം) ഏഴ്, , ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) എട്ട്,തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്)ഒമ്പത്.

ഇനി പിറവത്ത്

ചാമ്പ്യൻസ് ബോട്ട് ലീഗിലെ ആറാമത് മത്സരം ഒക്ടോബര്‍ 17ന് പിറവത്ത് നടക്കും. ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയോടെയാണ് സി.ബി.എൽ ആറാം സീസണിന് സമാപനമാവുന്നത്.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നൽകിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

Tags:    
News Summary - Melpadam Chundan Claims Victory at Champions Boat League Kochi Leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.