കൊച്ചി നഗരത്തിൽ ‘ജന്തർ മന്തർ’ തീർത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൊച്ചി: പ്രക്ഷോഭങ്ങളെ അടിച്ചമർത്തി ജനാധിപത്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ എറണാകുളത്ത് ‘ജന്തർ മന്തർ’ തീർത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ജന്തർ മന്തർ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രഖ്യാപിച്ചു.
വോട്ട് ചോരിക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തെ അടിച്ചമർത്തുന്നനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളം, എറണാകുളം മറൈൻ ഡ്രൈവിലെ അബ്ദുൽ കലാം മർഗിലാണ് ജന്തർ മന്ദർ പ്രതിഷേധം സംഘടിപ്പിച്ചത്. സമരം ചെയ്യുന്ന സംഘടന നേതാക്കളെയും വിദ്യാർഥികളെയും കസ്റ്റഡിയിൽ വെക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു.
ദളിതരും മുസ്ലിങ്ങളും ഉൾപ്പെടെ അടിച്ചമർത്തപ്പെട്ടവർ ഉയിർത്തെഴുന്നേറ്റു വരുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനായ കെ.കെ. ബാബുരാജ് ചൂണ്ടിക്കാട്ടി. സംഘ്പരിവാറും ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്ത് ജനാധിപത്യത്തെ കുഴിച്ചുമൂടിയെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗ്ഫൂർ പറഞ്ഞു.
സാമൂഹ്യ പ്രവർത്തകരായ ഡോ. ജിന്റോ ജോൺ, ജോളി ചിറയത്ത്, സണ്ണി എം. കപിക്കാട്, ഡോ. ടി.എസ്. ശ്യാംകുമാർ, ലാലി പി.എം, സുധേഷ് എം. രഘു, ഫൗസിയ അബൂബക്കർ, കെ.കെ. സുരേഷ്, ഇലവുപാലം ഷംസുദ്ദീൻ, അഡ്വ. വാഹിദ്, ആയിഷ ഗഫൂർ, ജ്യോതിവാസ് പറവൂർ, ജാസ്മിൻ സിയാദ്, അനീഷ് മുല്ലശ്ശേരി എന്നിവർ സംബന്ധിച്ചു. ഗായിക ദാനാ റാസിഖിന്റെ ഗാനവും അമീൻ പാക്സ്, എ.ജെ. ഇർഷാദ് എന്നിവരുടെ റാപ്പ് സംഗീതവും പ്രതിഷേധത്തിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.