റഫിയുൽ മണ്ഡലും പർവേഷ് മണ്ഡലും
അങ്കമാലി: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ‘ഓപറേഷൻ തൂഫാൻ’ ഊർജിതമാക്കിയതോടെ പശ്ചിമ ബംഗാളിൽനിന്ന് 12 കിലോ കഞ്ചാവുമായി അങ്കമാലി റെയിൽവേ സ്റ്റേഷനിലിറങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂഷിദാബാദ് സ്വദേശികളായ റഫിയുൽ മണ്ഡൽ (21), പർവേഷ് മണ്ഡൽ (19) എന്നിവരെ റൂറൽ ജില്ല ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്നാണ് പിടികൂടിയത്.
ഒഡിഷയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്നും ബംഗാളിൽനിന്ന് ചെന്നൈ വരെയും അവിടെനിന്ന് അങ്കമാലി വരെ രണ്ട് ട്രെയിനുകളിലാണ് യാത്ര ചെയ്തതെന്നും ഇരുവരും വെളിപ്പെടുത്തി. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നാണ് ഇരുവരേയും പിടികൂടിയത്. പെരുമ്പാവൂരിൽ വിൽക്കാനാണ് കൊണ്ടുവന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഒഡിഷയിൽ നിന്ന് കിലോക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ പത്തിരട്ടി വിലയ്ക്കാണ് വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ഡാൻസാഫ് ടീമിനെക്കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ അജിത്, രാജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. റൂറൽ ജില്ലയിൽ ഈ വർഷം 395 കിലോയോളം കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.