വാഴകൾ വെട്ടിനശിപ്പിക്കുന്ന മനോജ്
കോതമംഗലം: കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ കൃഷി ചെയ്ത വാഴകൾ വെട്ടിമാറ്റി കോട്ടപ്പടിയിലെ കർഷകൻ. കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി നശിപ്പിക്കുക കൂടി ചെയ്തതോടെ ഇതിന് തടയിടാൻ തന്റെ ഇരുന്നൂറോളം വാഴകൾ വെട്ടിമാറ്റിയത്.
ചൊവ്വാഴ്ച പുലർച്ചെ മനോജിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം കുലച്ചതും കുലക്കാത്തതുമായ നൂറോളം വാഴകളാണ് നശിപ്പിച്ചത്. ഒപ്പം നിരവധി കൊക്കോ മരങ്ങളും ചവിട്ടി മെതിച്ചു. വനാതിർത്തിയോട് ചേർന്നുള്ള തോട്ടത്തിൽ കൊക്കോയും വാഴയും ചേർന്നായിരുന്നു കൃഷി.
രാത്രി വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ മരങ്ങൾ ചവിട്ടിമെതിക്കുകയും വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് വാഴ നശിപ്പിക്കാൻ തീരുമാനിച്ചത്. വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയ കൊക്കോ മരങ്ങളാണ് ആനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൂടുതലായി നശിച്ചത്. കൊക്കോ കൃഷി സംരക്ഷിക്കാൻ വഴിയില്ലാതായതോടെ കാട്ടാനകളെ ആകർഷിക്കുന്ന വാഴകൾ തന്നെ വെട്ടിമാറ്റാൻ ഇയാൾ നിർബന്ധിതനാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.