കുടിവെള്ളം കിട്ടാത്ത 16ാം വാർഡിൽ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ രാത്രിയും പരിശോധന നടക്കുന്നു
എടവനക്കാട്: തീരദേശ വാർഡുകളിൽ ഒരു മാസത്തോളമായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്ത് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നൂറോളം വീട്ടമ്മമാർ പഞ്ചായത്തിനകത്തും പുറത്തുമായി കുത്തിയിരിപ്പ് നടത്തി.
16ാം വാർഡ് നിവാസികളാണ് പ്രതിഷേധവുമായി പഞ്ചായത്തിൽ എത്തിയത്. ഒന്ന്, രണ്ട്, 13, 14, 16 വാർഡുകളിലാണ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നത്. സമരക്കാർ എത്തിയപ്പോഴേക്കും പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം വിട്ടെന്നാണ് ആക്ഷേപം. പരിഹാരം കാണാതെ സമരക്കാർ പിന്തിരിയില്ലെന്ന നിലപാട് എടുത്തതോടെ വാർഡ് മെംബർ പി.പി. പ്രബിൻ എത്തിച്ചേരുകയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം സ്ഥലവാസികളുമായി ട്രാൻസ്ഫോർമർ റോഡ് ഭാഗത്ത് തെരഞ്ഞ് പരിശോധിക്കുകയും ചെയ്തു. പിന്നാലെ ഓവർസിയർ അടക്കമുള്ള വാട്ടർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാത്രി വരെ നീണ്ട പരിശോധനയിൽ മറ്റു തടസ്സങ്ങൾ ഒന്നും കണ്ടെത്താനായില്ല. എടവനക്കാട് വാട്ടർ ടാങ്കിൽനിന്ന് ആവശ്യത്തിനുള്ള വെള്ളം പടിഞ്ഞാറൻ ഭാഗത്തേക്ക് എത്താത്തതാണ് 16ാം വാർഡിലെ കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ എത്രയും വേഗം ലൈനിലൂടെ കുടിവെള്ളം എത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ബുധനാഴ്ച കുടിവെള്ളം എത്തിയില്ലെങ്കിൽ പഞ്ചായത്ത് അടച്ചുപൂട്ടി സമരം നടത്തുമെന്ന് പ്രദേശവാസികൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.