പ​ള്ളി​ക്ക​ര-ചി​ത്ര​പ്പു​ഴ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ൽ

പള്ളിക്കര-ചിത്രപ്പുഴ റോഡ് തകർന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

പള്ളിക്കര: മഴ ശക്തമായതോടെ പള്ളിക്കര-ചിത്രപ്പുഴ റോഡ് കുഴിയും ചളിയും നിറഞ്ഞ് പൂർണമായും തകർന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പള്ളിക്കര മുതൽ അമ്പലമുകൾ എച്ച്.ഒ.സി വരെയുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമിക്കുന്നതിനായി 12 കോടി രൂപ അനുവദിക്കുകയും ഒന്നര വർഷം മുമ്പ് നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും പണികൾ ഇതുവരെ പൂർത്തിയായില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാകേണ്ടിയിരുന്ന റോഡിൽ, മാസങ്ങൾക്ക് മുമ്പ് ബി.എം നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും മാസങ്ങൾക്കുള്ളിൽതന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ബി.എം ടാറിങ് നടത്തുന്നതിന് മുമ്പ് റോഡിൽ ഇത്രയും കുഴികൾ ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിൽ മഴ പെയ്താൽ ചളിയും വെയിലായാൽ കടുത്ത പൊടിശല്യവുമാണ്. പള്ളിക്കര മോറക്കാല പള്ളിക്ക് താഴ്ഭാഗം മുതൽ അമ്പലപ്പടി വരെയും, കാർബൺ കമ്പനിക്ക് സമീപം, കരിമുകൾ ജങ്ഷൻ, കുഴിക്കാട് ജങ്ഷൻ, റിഫൈനറി ജ്വാലഗിരി ഗേറ്റിന് സമീപം എന്നിവിടങ്ങളിലെല്ലാം റോഡ് പൂർണമായും തകർന്ന് ഇരുചക്രവാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ പോലും സഞ്ചരിക്കാനാകാത്ത അവസ്ഥയിലാണ്. അമ്പലമുകൾ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്നതും അതിസുരക്ഷാ മേഖലയിലുള്ളതുമായ ഈ റോഡിന്റെ തകർച്ച വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം.

റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം പ്രദേശം സന്ദർശിച്ച് ടാറിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Tags:    
News Summary - പള്ളിക്കര-ചിത്രപ്പുഴ റോഡ് തകർന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.