കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേയർ വി.കെ. മിനിമോളുടെയും ജില്ല കലക്ടർ ജി. പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.
ഡിസംബർ 31ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. ജനത്തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും. താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്റ്റാളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും നടക്കും. തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ഏഴ് ബസുകളും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സർവീസ് നടത്തും.
ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ബയോ-ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും. ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രദേശങ്ങളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ സ്ക്യൂബ ടീമിന്റെയും സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങൾ പ്രയോജനപ്പെടുത്തും.
ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യങ്ങളും മെഡിക്കൽ ടീമുകളുടെ സേവനവും ഉറപ്പാക്കും. പുതുവത്സര രാവിൽ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ജനറേറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും.
പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിർത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഓർഡിനേഷൻ സെന്ററുകൾ ഒരുക്കും.
കലക്ടറുടെ ചേംമ്പറിൽ നടന്ന യോഗത്തിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി എ.സി.പി ഉമേഷ് ഗോയൽ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ കെ. മനോജ്, ജില്ല മെഡിക്കൽ ഓഫീസർ എ.എൽ. ഷീജ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.