പ്രതീകാത്മക ചിത്രം
കൊച്ചി: ക്രിസ്മസും പുതുവത്സരവും കൊച്ചിക്കാർക്ക് പ്രത്യേക വൈബിന്‍റെ കാലമാണ്, ആഘോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും തിമിർപ്പുകാലം. ഫോർട്ട് കൊച്ചിയിലെ കൊച്ചിൻ കാർണിവലും ബിനാലേയുമുൾപ്പെടെ മേളം കൊഴുപ്പിക്കാൻ സംഭവങ്ങൾ ഒട്ടേറെ. ഇതിനെല്ലാം പുറമേ നഗരത്തിലെ മാളുകളിലും പൊതുഇടങ്ങളിലും ഫ്ലാറ്റുകളിലും ക്ലബുകളിലും മറ്റുമൊരുക്കുന്ന ചെറുതും വലുതുമായ ആഘോഷങ്ങൾ വേറെയും.
2026നെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ ആഘോഷിക്കുന്നതൊക്കെ കൊള്ളാം, എന്തിനും ഒരു ലിമിറ്റുണ്ട് കെട്ടോ എന്നു പറഞ്ഞ് ഒരു കൂട്ടർ പിറകെയുണ്ടെന്ന കാര്യം ഓർമ വേണം. ഫോർട്ട്കൊച്ചിയിൽ മാത്രമല്ല, കൊച്ചി നഗരത്തിലും പൊലീസ് സുരക്ഷ ശക്തമാക്കും. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ രാസ ലഹരിമരുന്നുകൾ എത്താറുള്ളത് കണക്കിലെടുത്ത് ഇപ്പോൾതന്നെ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ഡിസംബർ 31ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടു തന്നെ സുരക്ഷയും ശക്തമാക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ശനിയാഴ്ച കലക്ടറുടെയും മേയറുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഫോർട്ട്കൊച്ചിയിൽ മാത്രം നൂറുകണക്കിന് പൊലീസുകാർ സുരക്ഷക്കായി ഉണ്ടാകും. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും.
പൊലീസ് മാത്രമല്ല, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെല്ലാം ചേർന്നുള്ള ഏകോപിത പ്രവർത്തനങ്ങളാണ് ഫോർട്ട്കൊച്ചിയിൽ നടക്കുക. താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും നടക്കും. തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ഏഴ് ബസുകളും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സർവീസ് നടത്തും.
ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രദേശങ്ങളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ സ്ക്യൂബ ടീമിന്റെയും സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങൾ പ്രയോജനപ്പെടുത്തും. ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യങ്ങളും മെഡിക്കൽ ടീമുകളുടെ സേവനവും ഉറപ്പാക്കും. പുതുവത്സര രാവിൽ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ജനറേറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിർത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങൾ സുരക്ഷിതവും ലഹരിമുക്തമാക്കുവാനും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ എൻഫോഴ്സ്മെന്റ് നടപടികൾ ജില്ലയിൽ ഉടനീളം ആരംഭിച്ചു. മദ്യത്തിന്റെ ദുരുപയോഗം തടയുന്നതിനും, മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും ഇല്ലാതാക്കുന്നതിനും എക്‌സൈസ് വകുപ്പ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് 2026 ജനുവരി അഞ്ചു വരെ തുടരുന്നതാണ്. പുതുവർഷം ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ ഞായറാഴ്ച മുതൽ മൂന്ന് വരെ നഗരപരിധിയിൽ സ്പെഷ്യൽ സ്ട്രൈക്കിംഗ് ഫോഴ്സ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ജില്ല ആസ്ഥാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം(നമ്പർ- 0484 2390657) പ്രവർത്തന സജ്ജമാണ്.
വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഡി.ജെ പാർട്ടികൾ നടക്കുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം കർശനമാണ്. ഓയോ റൂം, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന കോളനികൾ എന്നിവിടങ്ങളിലും പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ബാറുകളുടെ പ്രവർത്തനം സമയനിഷ്ഠയോടെ പാലിക്കുന്നതിന് ലൈസൻസ് സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് നിരീക്ഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥരുമുണ്ട്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും.
ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എറണാകുളം കൊച്ചി ഉൾപ്പെടുന്ന നഗരമേഖല, തീരദേശ മേഖല, മലയോരമേഖല എന്നിങ്ങനെ ഓരോ മേഖലയിലും പ്രത്യേകം പ്രത്യേകം എൻഫോഴ്സ് മെന്റ് ടീം രൂപീകരിച്ചിട്ടുള്ളതാണ്. മുൻകരുതൽ നടപടികൾക്കായി ദൈന്യദിന പരിശോധനകളും, കുറ്റകൃത്യങ്ങൾ തടയുന്നതിന് മിന്നൽ പരിശോധനകളും നടത്തുന്നതിന് സ്പെഷ്യൽ ടീമിനെ രൂപീകരിച്ചിട്ടുള്ളതാണ്. പുതു വർഷ ആഘോഷങ്ങൾ കൂടുതൽ നടക്കുന്ന ഫോർട്ട്കൊച്ചി, വൈപ്പിൻ, ചെറായി മേഖലകളിൽ പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
പുതുവത്സര ആഘോഷരാവിന് സുരക്ഷയൊരുക്കാൻ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ ആയിരത്തി ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിൽ അധിക പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. പ്രത്യേക പട്രോളിങ് സംഘങ്ങൾ റോന്ത് ചുറ്റും. മഫ്ടിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് പിടികൂടാൻ ലഹരിവിരുദ്ധ സ്ക്വാഡും ഉണ്ടാകും. മദ്യപിച്ചും, അമിത വേഗതയിലും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സി.സി.ടി.വി നീരീക്ഷണവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.