കൊച്ചി മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവർ എറണാകുളം പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദ പ്രസ്സിൽ

ആദ്യം 50 ദിന കർമ്മപദ്ധതി; കൊച്ചി മേയർക്കും ഡെപ്യൂട്ടി മേയർക്കും വികസന സ്വപ്നങ്ങൾ ഒട്ടേറെ..

കൊച്ചി: വെള്ളക്കെട്ട്, മാലിന്യസംസ്കരണം, കൊതുകുശല്യം, തെരുവുനായ്.. കൊച്ചി നേരിടുന്ന വികസന പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി, നടപ്പാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെച്ച്, നല്ല കൊച്ചിക്കായി പൊതുജനങ്ങ‍ളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയുമെല്ലാം പിന്തുണ തേടി കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലാണ് കൊച്ചിയെ കുറിച്ചുള്ള തന്‍റെ സങ്കൽപങ്ങളെ കുറിച്ച് അവർ മനസു തുറന്നത്. എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ മറക്കാതിരുന്ന മിനിമോൾ, അന്നത്തെ കാലത്തുണ്ടായിരുന്ന വിയോജിപ്പുകളും ചൂണ്ടിക്കാട്ടി.

ഒറ്റ നാളുകൊണ്ട് കൊച്ചി മാറില്ല

ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് കൊച്ചിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഒരു ദിവസം കൊണ്ട് നഗരത്തെ മാറ്റിയെടുക്കാമെന്ന അതിമോഹമില്ല. ഘട്ടംഘട്ടമായി അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ഇവിടുത്തെ വളർച്ചയുടെ ഫലങ്ങൾ സാധാരണക്കാർക്കുകൂടി അനുഭവിക്കാനാവുക എന്നതാണ് നയം. യു.ഡി.എഫ് നിലപാടായ കരുതലും കൈത്താങ്ങുമായി നാടിനൊപ്പം നിൽക്കും.

നടപ്പാക്കും 50 ദിന കർമപദ്ധതി

ഏറ്റവും മുൻഗണന നൽകുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് ഒറ്റ വിഷയത്തിൽ മാത്രം മുൻഗണന നൽകാനാവില്ലെന്ന് മറുപടി. വെള്ളക്കെട്ട് പരിഹരിക്കൽ, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളൊന്നും പൂർണതോതിലെത്തിയിട്ടില്ല. ശുചിത്വനഗരമായി കൊച്ചിയെ മാറ്റണം. കൊതുകുനിർമാർജനം, തെരുവുനായ് ശല്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിന്‍റെ ഭാഗമായി 50 ദിന കർമ പദ്ധതി നടപ്പാക്കും. അതിന്‍റെ തയ്യാറെടുപ്പിലാണ്.

ബ്രഹ്മപുരം; പുറത്തുവന്നത് ഒരുവശം മാത്രം

ബ്രഹ്മപുരം മാലിന്യ പ്ലാൻറ് ഉടൻ തന്നെ സന്ദർശിക്കും. മികച്ച പ്രവർത്തനമെന്ന രീതിയിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ഒരു വശം മാത്രമാണ്. അതിന്‍റെ മറു വശം കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞ കൗൺസിൽ കാലത്ത് തീരുമാനിച്ചതനുസരിച്ച് ബ്രഹ്മപുരം മാലിന്യപ്ലാൻറുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയ്യാറായികൊണ്ടിരിക്കുകയാണ്.

അത് പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തും. കൊച്ചി കോർപറേഷന്‍റെ നാലതിർത്തിക്കുള്ളിലെ മാലിന്യം മാത്രമല്ല, സമീപ നഗരസഭകളിലെ മാലിന്യങ്ങളും കൂടി സംസ്കരിക്കാനാവുന്ന രീതിയിൽ, എല്ലാവർക്കും പ്രാപ്യമായ പ്ലാന്‍റായി ബ്രഹ്മപുരത്തെ മാറ്റിയെടുക്കാനാവുമോ എന്നാണ് ആലോചിക്കുന്നത്.

ബ്രഹ്മപുരത്തെ സി.ബി.ജി പ്ലാന്‍റ് ട്രയൽ റൺനടത്തി പൂർണസജ്ജമാണെന്നാണ് ബി.പി.സി.എൽ അറിയിച്ചിട്ടുള്ളത്. ഇങ്ങോട്ടുള്ള റോഡിന്‍റെ പണികൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് വിവരം.

വകുപ്പു തലവൻമാരിൽ നിന്ന് റിപ്പോർട്ട് തേടി

ചുമതലയേറ്റപ്പോൾ തന്നെ താനും ഡെപ്യൂട്ടി മേയറും ചേർന്ന് വിവിധ വകുപ്പുകളുടെ തലവൻമാരെ വിളിച്ചു കൂട്ടി നിലവിലെ സ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ട് തേടിയിട്ടുണ്ട്. പലപ്രശ്നങ്ങളും പല രംഗത്തും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഒരു ടീം വർക്കായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. ഈ ആഴ്ച തന്നെ റിപ്പോർട്ട് കിട്ടി, അതിൽ ഫോളോ അപ് നടത്തും.

അഴിമതി രഹിതഭരണമായിരിക്കും കൊച്ചി കോർപറേഷൻ യു.ഡി.എഫ് ഭരണസമിതിയുടെ മുഖമുദ്ര. കഴിഞ്ഞ കൗൺസിലുകളിൽ ഫയൽ പിടിച്ചുവെക്കുന്നതിനെതിരെയും കാലതാമസത്തിനെതിരെയുമെല്ലാം ശബ്ദമുയർത്തിയ ആളാണ് താൻ.

നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകൾ 15 ദിവസത്തിനും സാധാ ഫയലുകൾ ഏഴു ദിവസത്തിനും അപ്പുറം പിടിച്ചുവെക്കാനനുവദിക്കില്ല. നിലവിലെ സംവിധാനം ഒറ്റയടിക്ക്മാറ്റാനാവില്ല.

ഉദ്യോഗസ്ഥ ലോബിയെന്നും പറയാനാവില്ല. നല്ല ഉദ്യോഗസ്ഥർ ഒരുപാടുണ്ട്. അവരുടെ ഒപ്പം വേണം പ്രവർത്തിക്കാൻ. അഴിമതി പിടിക്കുമ്പോൾ കോർപറേഷന്‍റെ മുഖത്തിനാണ് പ്രശ്നം വരുന്നത്.

സമൃദ്ധിയിൽ സുതാര്യത വരുത്തും

കഴിഞ്ഞ ഭരണസമിതി സമൃദ്ധി ആരംഭിക്കുമ്പോൾ തന്നെ പ്രതിപക്ഷത്തായിരുന്ന താൻ പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്ന് വി.കെ. മിനിമോൾ. പദ്ധതി ഉപേക്ഷിക്കില്ല. സാധാരണക്കാർക്കുവേണ്ടി തുടരും. എന്നാൽ 20 രൂപക്ക് ഊൺ മാത്രമേ കുറഞ്ഞ നിരക്കിൽ ലഭ്യമാവുന്നുള്ളൂ. മറ്റു വിഭവങ്ങൾക്ക് സാധാ ഹോട്ടലുകളിലെ നിരക്ക് ഉണ്ട്.

സാധാരണക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തും. ഷി ലോഡ്ജ് 78 ലക്ഷംരൂപ ലാഭമുള്ള പ്രോജക്ട് ആണ്. എന്നാൽ, സമൃദ്ധി ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നറിയില്ല. ഇക്കാര്യത്തിൽ സുതാര്യത വരുത്തും. കഴിഞ്ഞ ടേമിൽ തീരുമാനിച്ച കനാൽ സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കിയാൽ തന്നെ കൊച്ചിയുടെ മാലിന്യ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും.

അമ്മയെ പോലെ നോക്കും...

മിനിമോൾ എന്ന പേരുള്ളതിനാൽ എത്ര വയസായാലും മോൾ ആയിരുന്നു ഇതുവരെ താനെന്ന് മേയർ പറഞ്ഞപ്പോൾ ചുറ്റും ചിരിപടർന്നു. നഗരത്തിന്‍റെ അമ്മ എന്ന നിലക്ക് സ്ത്രീസുരക്ഷക്കു വേണ്ടി എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. ഇതുവരെ മോളായിരുന്നു, പെട്ടെന്ന് അമ്മയായി മാറിയെന്നും അവർ ചിരിയോടെ പറഞ്ഞു. ഒരു അമ്മയുടെ കരുതൽ എപ്പോഴുമുണ്ടാകും. കുടുംബത്തിലെ എല്ലാവരെയും അമ്മ നോക്കുന്നതുപോലെ ഈ നഗരത്തെ താൻ കൊണ്ടുനടക്കുമെന്നും അവർ പറഞ്ഞു.

പൊതു ശുചിമുറി നിർമാണം മുഖ്യപരിഗണനയിലുള്ള വിഷയങ്ങളിലൊന്നാണ്. കഴിഞ്ഞ കൗൺസിലിൽ ഏൽപ്പിച്ച ടോയിലറ്റ് കോംപ്ലക്സ് നിർമാണ കരാർ പരിശോധിച്ച് വേണ്ടതു ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

സാമ്പത്തികം മെച്ചപ്പെടുത്തേണ്ടതുണ്ട്

-ഡെപ്യൂട്ടി മേയർ

ഈ ഉത്തരവാദിത്വം വലുതാണ്. നഗരത്തിന്‍റെ വളർച്ചയിൽ പങ്കുവഹിക്കുന്ന പദ്ധതികളിൽ വിദഗ്ധരുടെ അഭിപ്രായം തേടിയാണ് പ്രവർത്തിക്കുക. നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചർച്ച നടത്തുന്നുണ്ട്. സാമ്പത്തികരംഗം ശക്തിപ്പെടുത്തേണ്ടതുണ്ട്. ധനലഭ്യത ഉറപ്പാക്കുകയും ധനച്ചോർച്ച ഇല്ലാതാക്കുകയുമാണ് പ്രധാനം. ജനങ്ങളുടെ കൂടി താൽപര്യം പരിഗണിച്ച് മുന്നോട്ടുപോകും. 

Tags:    
News Summary - 50-day action plan; Kochi Mayor and Deputy Mayor with different development plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.