കൊച്ചി മുസിരിസ് ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽ അനുപമ കുണ്ഡുവും ബാനി ആബിദിയും ഒരുക്കിയ കുടുംബശ്രീ കാന്റീൻ കലാപ്രതിഷ്ഠയിൽ ഭക്ഷണം കഴിക്കുന്ന സന്ദർശകർ
കൊച്ചി: ഭക്ഷണം പങ്കുവെക്കുന്നതിലെ അത്ഭുതങ്ങള്‍ ഒരുക്കി കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കാളിത്ത കലാകാരികളായ അനുപമ കുണ്ഡുവും കറാച്ചി സ്വദേശിനി ബാനി ആബിദിയും.
ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ തയാറാക്കിയ ബറാക്ക-2025 എന്ന ഭക്ഷണശാലയിലാണ് കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം വിളമ്പുന്നത്. ബിനാലെയിലെ ‘ബറക്ക 2025’ കലാപ്രതിഷ്ഠ, വാസ്തുവിദ്യ, ഭക്ഷണം, സേവനം എന്നിവയുടെ മനോഹരമായ സംഗമമാണ്. അറബിയിൽ ‘അനുഗ്രഹം’ എന്നർഥം വരുന്ന ‘ബറക്ക’, സഹവർത്തിത്വത്തിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയും മനുഷ്യരിലേക്കും പ്രകൃതിയിലേക്കും ഒഴുകുന്ന അനുഗ്രഹങ്ങളെയാണ്സൂചിപ്പിക്കുന്നത്.
പുണെ സ്വദേശിയായ അനുപമ കുണ്ഡു മനോഹരമായ ഭക്ഷണശാല ഒരുക്കിയപ്പോൾ, കറാച്ചിയിൽ നിന്നുള്ള ബാനി ആബിദി ജർമ്മനിയിലെ തങ്ങളുടെ ഭക്ഷണാനുഭവങ്ങളെ ചിത്രീകരിക്കുന്ന 'ദസ്തർഖാൻ' (മേശവിരി) കൊണ്ട് ആ ഇടത്തെ അലങ്കരിച്ചു. അവിടെ വിളമ്പുന്നത് കേരള സർക്കാറിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയിലെ ചേച്ചിമാര് തയാറാക്കുന്ന ഭക്ഷണവും. ദാരിദ്ര്യത്തിലും ഇല്ലായ്മയിലും സ്നേഹത്തോടെയും കരുതലോടും കൂടി മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്ന അടുക്കളകളിൽ നിന്നാണ് 'ബറക്ക'യുടെ ആശയം ഉടലെടുത്തതെന്ന് ബാനി പറയുന്നു. ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും മനസറിഞ്ഞ് സംസാരിക്കുകയും ചെയ്യുന്ന ദസ്തർഖാൻ എന്ന സങ്കൽപ്പത്തിന് അനുയോജ്യമായ ഇടമായാണ് ഭക്ഷണശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കടലിന് അഭിമുഖമായി നിൽക്കുന്ന, പുല്ലു മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ചെറിയ ഇരിപ്പിടങ്ങളുമുള്ള ഇവിടെ പുരാതനവും ആധുനികവുമായ ഭാവമുണ്ട്. തെങ്ങിൻ തടികളും തെങ്ങോലയും കയർ നാരുകളും ഉപയോഗിച്ചുള്ള നിർമാണം പ്രാദേശിക നിർമാണ രീതികളെയും ഓർമിപ്പിക്കുന്നു. ബിനാലെയിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണവും പ്രിയപ്പെട്ട വിശ്രമസ്ഥലവുമാണ് ബറാക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.