കൊച്ചി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ല കലക്ടർ ജി. പ്രിയങ്ക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് വരെ ജില്ലയിൽ ആകെ 19,33,313 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്.
ഏറ്റവും കൂടുതൽ ഫോമുകൾ വിതരണം ചെയ്തത് കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലാണ്: 161673 എണ്ണം (85.14 ശതമാനം). പെരുമ്പാവൂർ, അങ്കമാലി, വൈപ്പിൻ, മണ്ഡലങ്ങളിലും വിതരണം 80 ശതമാനം പിന്നിട്ടു. ആകെ 2325 ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫിസർ) മാരെയാണ് ഫോം വിതരണത്തിന് നിയോഗിച്ചിരിക്കുന്നത്. ബി.എൽ.ഒമാരും ബി.എൽ.ഒ സൂപ്പർവൈസർമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനമാണ് കാഴ്ചവക്കുന്നതെന്നും കലക്ടർ പറഞ്ഞു.
നഗര മേഖലകളിൽ ഫോം വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെയും ഫ്ലാറ്റ് അസോസിയേഷനുകളുടെയും സഹകരണം ഉറപ്പാക്കാൻ പ്രത്യേക യോഗം വിളിക്കും. ആർക്കെങ്കിലും ഫോം ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കിൽ അവർക്ക് ബി.എൽ.ഒ മാരെ നേരിട്ട് ബന്ധപ്പെടാം. ഓൺലൈൻ വഴി ഫോം സമർപ്പിക്കാനും അവസരമുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ സുനിൽ മാത്യു, വി.ഇ. അബ്ബാസ്, കെ. മനോജ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.