കൊച്ചി: ഒരു ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥക്ക് പരിഹാരമാകുന്നു. സ്റ്റാൻഡ് നിർമാണം ഒന്നാം ഘട്ടത്തിനായി 13 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
കൺസ്ട്രക്ഷൻ ഓഫ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ എറണാകുളം, കാരിക്കാമുറി-ഫേസ് ഒന്ന് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണത്തിൽ ആധുനിക ടെർമിനൽ, ഓഫിസ് സമുച്ചയം തുടങ്ങിയവ ഒരുങ്ങുന്നുണ്ട്.
ടി.ജെ. വിനോദ് എം.എൽ.എയുടെ ഉൾപ്പെടെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് സ്റ്റാൻഡ് നിർമാണ നടപടികൾ വേഗത്തിലായത്. ബസ് സ്റ്റാൻഡിലെ രൂക്ഷമായ വെള്ളക്കെട്ടും യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും പരിഹരിക്കാൻ എം.എൽ.എ നിയമസഭയിൽ പലതവണ സബ്മിഷനുകളായും ശ്രദ്ധക്ഷണിക്കലുകളായും വിഷയം ഉന്നയിച്ചിരുന്നു.
കേവലം സഭാനടപടികളിൽ ഒതുങ്ങാതെ, ഗതാഗത മന്ത്രിയെ നേരിട്ട് എറണാകുളം സ്റ്റാൻഡിലെത്തിച്ച് ശോച്യാവസ്ഥ ബോധ്യപ്പെടുത്താനും എം.എൽ.എ മുൻകൈയെടുത്തു.
ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ദിനേന മുപ്പതിനായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡിൽ ഇലക്ട്രോണിക്സ് സംവിധാനങ്ങൾക്കായി 25 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
465.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബസ് ബേയും സ്റ്റീൽ സ്ട്രക്ചറിൽ നിർമിക്കുന്ന വിശാലമായ റൂഫും യാത്രക്കാർക്കായി ആധുനിക ഇരിപ്പിടങ്ങളും സജ്ജീകരിക്കും. 472 ചതുരശ്ര മീറ്ററിൽ സ്റ്റാഫ് ഓഫിസ്, എ.സി വെയിറ്റിങ് ഹാൾ, റിസർവേഷൻ കൗണ്ടറുകൾ, ശുചിമുറികൾ എന്നിവയടങ്ങുന്ന കെട്ടിടം നിർമിക്കും. ഭാവിയിൽ വിപുലീകരിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈൻ.
6198 ചതുരശ്ര മീറ്റർ യാർഡ് എട്ടു സെന്റീമീറ്റർ ഘനമുള്ള ഹെവി ഡ്യൂട്ടി പേവർ ബ്ലോക്കുകൾ പാകി ഉയർത്തും. ഇതോടൊപ്പം 300 മീറ്റർ നീളത്തിൽ പുതിയ ഡ്രെയിനേജ് സംവിധാനവും നിർമിക്കുന്നതോടെ സ്റ്റാൻഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.
15,000 ലിറ്റർ കപ്പാസിറ്റിയുള്ള അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്ക്, ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ, 44 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ ജോലികൾ എന്നിവയും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ ഉറപ്പിനായി 19 മീറ്റർ മുതൽ 33 മീറ്റർ വരെ ആഴത്തിലുള്ള പൈൽ ഫൗണ്ടേഷനാണ് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.