ലഹരിക്കേസിൽ കുരുങ്ങി ജില്ല

കൊച്ചി: പരിശോധനകളും നടപടികളും നിർബാധം തുടരുമ്പോഴും ജില്ലയിൽ ലഹരി കേസുകളിൽ കുറവില്ല. അന്തർസംസ്ഥാന ബന്ധമുള്ളതും രാജ്യാന്തര ബന്ധമുള്ളതുമായ ആസൂത്രിത ലഹരി ഇടപാടുകളുടെ കേന്ദ്രമായി ജില്ല മാറുന്നു എന്നാണ് എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ചില കേസുകൾക്ക് പിന്നിൽ സംഘടിത മാഫിയ സംഘങ്ങളുടെ പങ്കാളിത്തവുമുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തതത് 8,313 ലഹരി കേസുകളാണ്. എക്സൈസ് ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും പഴുതടച്ച അന്വേഷണത്തിലൂടെ മിക്ക കേസുകളിലും പ്രതികളെ കണ്ടെത്തുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം നാൾക്കുനാൾ വാർധിക്കുമ്പോഴും നിയമ സംവിധാനങ്ങളെ അപ്പാടെ നോക്കുകുത്തിയാക്കി ലഹരി കടത്തും വ്യാപാരവും വർധിക്കുകയാണ്. ഇത്തരം കേസുകളിൽ യുവാക്കളുടെയും പെൺകുട്ടികളടക്കം വിദ്യാർഥികളുടെയും പങ്കാളിത്തം കൂടുതലാണെന്നും കണക്കുകൾ തെളിയിക്കുന്നു.

ഒന്നാം സ്ഥാനത്ത് എറണാകുളം

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്: 8,313 എണ്ണം. മറ്റെല്ലാ ജില്ലകളിലും ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായിരത്തിൽ താഴെയാണ്. രണ്ടാം സ്ഥാനത്ത് തൃശൂരും (5696 കേസ്), മൂന്നാം സ്ഥാനത്ത് ഇടുക്കിയും (5694) നാലാം സ്ഥാനത്ത് കോട്ടയവും (5664) ആണ്. കാസർകോട് ജില്ലയിലാണ് (1262) ഏറ്റവും കുറവ്.

ലഹരി കടത്തും വ്യാപാരവും വർധിച്ചതല്ല എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഇത്തരം സംഭവങ്ങൾ കണ്ടെത്തുന്നത് കൂടിയതാണ് കണക്കുകളിൽ ജില്ല മുന്നിലെത്താൻ കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം. ലഹരിയുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ കണ്ടെത്തുന്നതിന് നിലവിലെ എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതിയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അതിർത്തി കടന്നും ലഹരി

ലഹരി കേസുകളിൽ അന്തർ സംസ്ഥാനതലത്തിലുള്ളതും രാജ്യാന്തര തലത്തിലുള്ളതുമായ ബന്ധങ്ങൾ കൂടുതൽ കണ്ടെത്തിയതും ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ്. ഇത്തരം ഏഴ് കേസുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എറണാകുളം കാരിക്കാമുറിയിൽ കൊച്ചി നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാഴ്സൽ ഓഫിസിൽ ഫ്രാൻസിൽ നിന്ന് വന്ന രണ്ട് പൊതികളിലായി 22.18 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയിരുന്നു. പൊതികളിൽ ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് കോഴിക്കോടും ഉള്ളവരുടെ മേൽവിലാസത്തിലായിരുന്നു. ഇതേ ഓഫിസിൽ തൊട്ടടുത്ത മാസം എത്തിയ പാഴ്സലിൽ നിന്ന് 17.96 ഗ്രാം എം.ഡി.എം.എ വീണ്ടും പിടികൂടി. ചിറ്റൂർ റോഡിലെ മറ്റൊരു പാഴ്സൽ ഓഫിസിൽ എത്തിയ പൊതിയിൽ കണ്ടെത്തിയത് എം.ഡി.എം.എയും കൊക്കെയ്നുമാണ്. കൊച്ചി നഗരത്തിലെ പാഴ്സൽ ഓഫിസിൽ എത്തിയ പൊതിയിൽ നിന്ന് 234 ഗ്രാം കഞ്ചാവും ആലുവ എടത്തലയിലെ ഓട്ടോമോട്ടീവ് ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിലേക്ക് നെതർലൻഡ്സിൽ നിന്നയച്ച പാഴ്സലിൽ നിന്ന് എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു.

പരിശോധന ശക്തം

ലഹരി വ്യാപനം തടയാൻ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് എക്സൈസ്, പൊലീസ് അധികൃതർ പറയുന്നു. സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, സ്കൂൾ-കോളജ് പരിസരങ്ങളിലെ കടകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മറ്റ് വകുപ്പുകളുമായി ചേർന്ന് എക്സൈസ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. രാസലഹരി ഉൾപ്പെടെ മയക്കുമരുന്നുകൾ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴിയും ഡാർക് നെറ്റ് പോലുള്ള ഓൺലൈൻ സൈറ്റുകൾ വഴിയും കൈമാറ്റം ചെയ്യുന്നത് കണ്ടെത്താൻ എക്സൈസ് സൈബർ സെല്ലും പ്രവർത്തിച്ചുവരുന്നു. ലഹരി വ്യാപനം തടയാൻ വിമുക്തി മിഷന് കീഴിൽ എറണാകുളത്ത് മേഖല കൗൺസലിങ് കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്

Tags:    
News Summary - Drug cases are increasing in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.