തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ പൗലോസ് വർഗീസ്
തൃപ്പൂണിത്തുറ: തെരുവ് നായയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്. ഇടുക്കി അടിമാലി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസിനാണ് (39)കടിയേറ്റത്. എരൂരിൽ കപ്പട്ടിക്കാവിനടുത്ത് പന്തൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന് മുന്നിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ലോഡുമായെത്തിയ ലോറി പാർക്ക് ചെയ്ത് വാഹനത്തിൽ കിടന്നതിന് പിന്നാലെ ഒരു കൂട്ടം നായ്ക്കൾ ലോറിക്ക് താഴെ കടിപിടികൂടി. പൗലോസ് ഇവയെ ഓടിച്ചതിന് പിന്നാലെ ഒരു നായ പാഞ്ഞെത്തി കാലിൽ കടിക്കുകയായിരുന്നു. നിലത്തു വീണ പൗലോസിനെ നായ വീണ്ടും കടിച്ചു. ചുണ്ട് കടിച്ചു കീറി. വീണ്ടും കടിക്കാനെത്തിയതോടെ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്തെത്തി കതകിൽ മുട്ടി അവരെ എഴുന്നേൽപ്പിക്കുകയായിരുന്നു. ഉടനെ പൗലോസിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
എരൂർ കോഴിവെട്ടുംവെളിയിൽ പീതാംബരനും തെരുവുനായയുടെ കടിയേറ്റു. പുതിയകാവ് സ്വദേശിയായ ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നായയുടെ ആക്രമണം അറിഞ്ഞ് നഗരസഭ അധികൃതർ എത്തി അഞ്ച് നായ്ക്കളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.