കറുത്ത ജൂതരുടെ പള്ളി നവീകരണം: നിർമാണത്തിനെത്തിയവരെ നാട്ടുകാർ തടഞ്ഞു
മട്ടാഞ്ചേരി: മരക്കടവിലെ കടവുംഭാഗം ജൂതപ്പള്ളി നവീകരണത്തിെൻറ ഭാഗമായി നിർമാണത്തിനെത്തിയ സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതരെ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്ച രാവിലെ കൗൺസിലർ എം.എച്ച്.എം. അഷ്റഫിെൻറ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. സിനഗോഗ് സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചിരുന്നു.
സംരക്ഷിത സ്മാരകമായാൽ ജനവാസ കേന്ദ്രമായ മേഖലയിൽ വീടുകൾ അറ്റകുറ്റപ്പണി നടത്താനോ മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്താനോ കഴിയില്ലെന്ന ആശങ്കയാണ് അധികൃതരെ തടയാൻ പ്രദേശവാസികളെ പ്രേരിപ്പിച്ചത്.
14ാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട മട്ടാഞ്ചേരി കടവുംഭാഗം സിനഗോഗ് (കറുത്ത ജൂതരുടെ പള്ളി) ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ജൂതപ്പള്ളികളിൽ ഒന്നാണ്. 1948ൽ ഇസ്രായേൽ രൂപംകൊണ്ടതിനെത്തുടർന്ന് കൊച്ചിയിൽ അധിവസിച്ചിരുന്ന ജൂതർ അവിടേക്ക് കുടിയേറിയതോടെയാണ് പ്രവർത്തനരഹിതമായത്. പിന്നീട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായി.
1991ൽ പള്ളിയിലെ സീലിങ് അടക്കമുള്ള മുഴുവൻ ഇൻറീരിയറുകളും ഇംഗ്ലീഷ് ജൂതദമ്പതികളായ ഫ്രെഡി വേസ്, ഡെല്ല എന്നിവർ വിലക്ക് വാങ്ങി ഇസ്രായേലിലേക്ക് കൊണ്ടുപോയി. പള്ളിയുടെ ചട്ടക്കൂട് മാത്രമാണ് അവശേഷിച്ചത്. കൊണ്ടുപോയ വസ്തുക്കൾ ഉപയോഗിച്ച് ജറുസലേമിൽ പുനഃസംയോജിപ്പിച്ച് സിനഗോഗ് ഒരുക്കി. 2019 സെപ്റ്റംബറിൽ കനത്ത മഴയിൽ പള്ളിയുടെ മുൻഭാഗം തകർന്നുവീണു.
തുടർന്ന് താൽക്കാലിക സംരക്ഷണ നടപടിക്ക് 25 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ പള്ളി അറ്റകുറ്റപ്പണിക്ക് എത്തിയവർ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മടങ്ങിപ്പോയിരുന്നു.
'ചരിത്ര സ്മാരകമാക്കുന്നതിൽ എതിർപ്പില്ല'
മട്ടാഞ്ചേരി: സിനഗോഗ് ചരിത്രസ്മാരകമാക്കുന്നതിൽ എതിർപ്പില്ലെന്ന് കൗൺസിലർ എം.എച്ച്.എം. അഷറഫ്. സംരക്ഷിത സ്മാരകമായാൽ ചുറ്റുവട്ടത്ത് മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയാകും. മട്ടാഞ്ചേരിയിലെയും ഫോർട്ട്കൊച്ചിയിലെയും സംരക്ഷിതകേന്ദ്രങ്ങൾക്ക് സമീപത്തുള്ളവർ ഇതിെൻറ കെടുതി അനുഭവിക്കുകയാണ്.
സംരക്ഷിത മേഖലയാക്കി മട്ടാഞ്ചേരിയുടെ എല്ലാ വികസനവും തടയുന്നത് അനുവദിക്കില്ല. പള്ളിയുടെ അപകടാവസ്ഥയിലായ ഭാഗങ്ങൾ പൊളിച്ചുനീക്കി നിർമാണം നടത്തണം. അല്ലെങ്കിൽ മഴയിൽ കെട്ടിട ഭാഗങ്ങൾ സമീപത്തെ വീടുകളിലേക്ക് വീണ് അപകടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.