എറണാകുളം ജില്ല സ്കൂൾ കായികമേള വെള്ളിയാഴ്ച തുടങ്ങും; 3000ലേറെ താരങ്ങൾ മാറ്റുരക്കും
കൊച്ചി: കായിക കരുത്തിന്റെ മാറ്റുരക്കാൻ ജില്ലയുടെ കൗമാര കരുത്ത് കളത്തിലിറങ്ങുന്നു. എറണാകുളം ജില്ല സ്കൂൾ കായികമേളക്ക് വെള്ളിയാഴ്ച തുടക്കമാവും. 19നാണ് കൊടിയിറങ്ങുക. ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നായി സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 3000 ലധികം കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കുമെന്ന് സംസ്ഥാന അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസർ വി.കെ. വിസ്മയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് കായിക മേളയുടെ മുഖ്യവേദി. പോൾവാൾട്ട് മത്സരങ്ങൾക്ക് കോതമംഗലം മാർ ബേയ്സിൽ എച്ച്.എസ്.എസ് വേദിയാവും. ആകെ 101 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച്ച നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷ പരിഗണിച്ച് അന്ന് വൈകുന്നേരം മുന്ന് മണി മുതലാണ് മത്സരങ്ങൾ തുടങ്ങുക. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂനിയർ സീനിയർ പോൾവാൾട്ട് മത്സരങ്ങൾ കോതമംഗലത്തും ഈ വിഭാഗം 3000 മീറ്റർ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും നടക്കും. അന്ന് ഈ മത്സരങ്ങൾ മാത്രമാണ് നടക്കുക. ആദ്യ ദിവസം കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് , ദീപശിഖ പ്രയാണം എന്നിവയോടെ ആരംഭിക്കും.
ശനിയാഴ്ചയാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം. രാവിലെ ഒമ്പത് മണിക്ക് എറണാകുളം ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. തുടർന്ന് ടി.ജെ. വിനോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനം കൊച്ചി മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. കായിക മേളയുടെ ഒരുക്കങ്ങൾ പൂത്തിയായെന്നും കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മേളയുടെ വിജയത്തിനായി വിവിധ വിഭാഗങ്ങളിലായി 10 കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഓരോ മത്സരം കഴിയുമ്പോഴും മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. സംസ്ഥാന അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസർ വി.കെ. വിസ്മയക്ക് പുറമെ ജില്ല സ്പോർട്സ് കോഡിനേറ്റർ വി.പി. ഫ്രാൻസിസ്, പബ്ലിസിറ്റി കൺവീനർ പി.എ. കമറുദ്ദീൻ, ഫുഡ് കമ്മിറ്റി ചെയർമാൻ ടി.യു. സാദത്ത്, ലോ ആൻഡ് ഓർഡർ കൺവീനർ ആർ. അശാലത, ഫുഡ് കമ്മിറ്റി കൺവീനർ ടി.എ. മുരളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.