കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിന് മതിയായ ശേഷി ഉറപ്പുവരുത്തിയിട്ട് മാത്രമേ പുറത്തു നിന്നുള്ള മാലിന്യമെത്തിക്കാവൂവെന്ന് ഹൈകോടതി.
നിലവിൽ കൊച്ചി കോർപറേഷനിലേയും സമീപ സ്ഥലങ്ങളിലേയും മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവരുന്നത്. മറ്റിടങ്ങളിൽ നിന്ന് മാലിന്യം കൊണ്ടു വരുന്നതിന് എതിർപ്പില്ല. എന്നാൽ, ശേഷിക്കപ്പുറം മാലിന്യമെത്തിക്കുന്നത് രൂക്ഷമായ പ്രശ്നത്തിന് ഇടയാക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ബ്രഹ്മപുരവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകുന്ന കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണം. പദ്ധതിക്ക് വേണ്ടിയുള്ള മുഴുവൻ ഭൂമിയും ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം. അല്ലാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ പിന്നീട് പൊളിച്ചു പണിയുന്നത് അപ്രായോഗികമാണ്. മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കാര്യക്ഷമാക്കുന്നത് സംബന്ധിച്ചും കോടതി നിർദേശം നൽകി. പദ്ധതി പ്രദേശത്ത് റോഡ് നിർമിക്കുന്നതിനൊപ്പം മരങ്ങൾ ശരിയായ നിലമൊരുക്കി വെച്ചു പിടിപ്പിക്കാനും ശ്രദ്ധിക്കണമെന്ന് കോടതി നിർദേശിച്ചു.
റിപ്പോർട്ടുകൾ പരിശോധിച്ച് ഉത്തരവിനായി വിഷയം വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.