12കാരിയുടെ അപകട മരണത്തിനിടയാക്കിയ സ്ഥലം തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ പി.എം. വിമോദ്, സബ് ഇൻസ്പെക്ടർ വി.ബി. അനസ് എന്നിവർ പരിശോധിക്കുന്നു
കാക്കനാട്: മാവേലിപുരം ഓണം പാർക്കിന് സമീപം സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ച സംഭവം തൃക്കാക്കര നഗരസഭ ജീവനക്കാരുടെ അനാസ്ഥ കാരണമാണെന്ന പരാതിയെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ർ.ഡി.ഒ അല്ലെങ്കിൽ സബ് കലക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥല പരിശോധന നടത്താൻ ജില്ലാ കലക്ടർക്ക് കമീഷൻ നിർദ്ദേശം നൽകി.
കലക്ടർ തെരഞ്ഞെടുക്കുന്ന പൊലീസ് അസി. കമീഷണറും പി.ഡബ്ല്യു.ഡി എൻജിനീയറും സ്ഥലപരിശോധനയിൽ പങ്കെടുക്കണം. പൊതുവഴിക്ക് സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് അപകടത്തിന് കാരണമെന്ന ആരോപണത്തിന്റെ നിജസ്ഥിതി ഉദ്യോഗസ്ഥ സംഘം പരിശോധിക്കണം.സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിൽ 30 അടി താഴ്ചയിലേക്ക് കുട്ടി പതിക്കുന്നത് ഒഴിവാക്കാമായിരുന്നോ എന്ന് പരിശോധിക്കണം. മണ്ണിട്ട് ഉയർത്തിയ പാർക്ക് റോഡും അപകടം നടന്ന താഴ്ന്നഭാഗവും തമ്മിലുള്ള പൊക്കത്തിന്റെ അളവ് എത്രയാണെന്ന് കണ്ടെത്തണം. അപകടം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങളും ഹാജരാക്കണം.
അപകടത്തിന് ശേഷം നഗരസഭ സ്വീകരിച്ച സംരക്ഷണ നടപടികളും അറിയിക്കണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ നാലാഴ്ചക്കകം കമീഷനിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും തൃക്കാക്കര നഗരസഭ സെക്രട്ടറിയും നാലാഴ്ചക്കകം പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.ആർ.ഡി.ഒ, തൃക്കാക്കര നഗരസഭ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ പ്രതിനിധി എന്നിവർ ആഗസ്ത് 10 ന് രാവിലെ 10 ന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണം.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. റിഹാന കാതറിൻ ആൻഡ്രൂസ് എന്ന വിദ്യാർഥിനിയാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽ മരിച്ചത്.
ശിശുക്ഷേമ സമിതിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി
കാക്കനാട്: തൃക്കാക്കര മാവേലിപുരം ഓണം പാർക്കിന് സമീപം റോഡിൽ നിന്ന് വീണ് 12കാരിയായ റിഹാന കാതറിൻ ആൻഡ്രൂസ് മരിച്ച സംഭവത്തിൽ നഗരസഭ അധികൃതർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല ശിശുക്ഷേമ സമിതി നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങി.
നിലവിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭ ചെയർമാൻ, സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.