എറണാകുളം ബ്രോഡ് വേയിലെ ഓണക്കച്ചവട തിരക്ക്
കൊച്ചി: അത്തം കൊടിയേറ്റത്തിന് ഇനി നാലുനാൾ മാത്രം. തുടർന്ന് പത്താം നാളാണ് തിരുവോണം. തിങ്കളാഴ്ച തൃക്കാക്കരയിലാണ് ജില്ലയുടെ അത്താഘോഷ കൊടിയേറ്റ്. തൃപ്പൂണിത്തുറ അത്തച്ചമയം സ്വാതന്ത്ര്യദിന പിറ്റേന്ന് ഞായറാഴ്ചയാണ്. മുഖ്യമന്ത്രിയാണ് ഇക്കുറി ഉദ്ഘാടനം ചെയ്യുക. മഴ ഭീഷണി കുറഞ്ഞതോടെ ഓണ വിപണിയുടെ കൊടിയേറ്റം നാടെങ്ങും നടക്കുകയാണ്. നാടൻ വിഭവങ്ങൾ മുതൽ വസ്ത്രവും ഇലക്ട്രോണിക്സ്-ഗൃഹോപകരണങ്ങളും വരെ വമ്പൻ ഓഫറും വായ്പാ സൗകര്യവുമായി കച്ചവടസ്ഥാപനങ്ങൾ വിപണിയിൽ സജീവമായി.
ജില്ലയിൽ കനത്ത മഴ നാലുദിവസമായി മാറിനിന്നതോടെ നഗരത്തിലും മാർക്കറ്റുകളിലും വലിയ തിരക്കായിരുന്നു. കർക്കടക വാവ് അവധിയും ശനിയാഴ്ചത്തെ സ്വാതന്ത്ര്യദിനാഘോഷവും അടക്കം അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി ഓണവിഭവങ്ങൾ വാങ്ങാൻ ഓട്ടപ്പാച്ചിലിലാണ് മാലോകരും.
ഇക്കുറി നബിദിനവും തിരുവോണവും തൊട്ടടുത്ത ദിവസം വരുന്നത് ആഘോഷങ്ങൾക്ക് ഇരട്ടിമധുരമാകും. നാലാം ഓണനാളിൽ ശ്രീനാരായണഗുരു-അയ്യങ്കാളി ജയന്തി ആഘോഷങ്ങളും എത്തുന്നതോടെ നാടെങ്ങും തിരക്കോടുതിരക്കാകും. രണ്ടുദിവസത്തേക്ക് കേരളത്തിൽ പല ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ടെങ്കിലും പൊന്നോണത്തെ വരവേൽക്കാൻ ഉപഭോക്താക്കൾക്കൊപ്പം പൊൻ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് വ്യാപാരികൾ.
മഴ മാറിനിന്നാൽ അത്തം മുതൽ പരമ്പരാഗത മലയാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളം നിറയും. ഇക്കുറിയും പൂക്കൾ ഇതരസംസ്ഥാനങ്ങളിൽനിന്നുതന്നെ. വിവിധ പഞ്ചായത്തുകളടക്കം കൂട്ടായ്മകൾ വഴി പൂകൃഷി പലയിടങ്ങളിലും തുടങ്ങിയിട്ടുണ്ടെങ്കിലും കച്ചവടം ഉഷാറായാൽ ഇതൊന്നും എങ്ങുമെത്തില്ല. പന്തലും സ്റ്റാളുകളുമായി നഗര-ഗ്രാമങ്ങളിൽ പൂച്ചന്തകൾ തയാറായിക്കൊണ്ടിരിക്കുന്നു.
ഇറാൻ-അമേരിക്ക യുദ്ധത്തോടെ കപ്പൽ ഗതാഗത പ്രതിസന്ധിയും മറ്റും മൂലം വിദേശത്തുനിന്ന് വരുന്ന ഈത്തപ്പഴം മുതൽ പിസ്തക്കും ബദാമിനുമടക്കം 100-150 രൂപ വരെ വില കൂടിയിട്ടുണ്ട്. ഇറാൻ ഇനങ്ങൾ വിപണിയിൽ കുറഞ്ഞതോടെ മറ്റുള്ളവക്ക് ഡിമാന്‍റ് കൂടുകയായിരുന്നു. ഇനിയും വില കൂടാനാണ് സാധ്യതയെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.
വിവിധ എക്സ്പോകളും പ്രത്യേകവിപണികളും വരെ തിരുവോണമടുക്കുന്നതോടെ നഗരത്തിലും വിവിധ ടൗണുകളിലും സജീവമായിവരുകയാണ്. പ്രത്യേക ഡിസ്കൗണ്ടും ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് നഗര-ഗ്രാമങ്ങളിലെ ചെറുതും വലുതുമായ വിപണികൾ.
വൻകിട സ്വർണാഭരണ കച്ചവടക്കാർ മുതൽ ഓണക്കച്ചവട പ്രതീക്ഷയിലാണ്. റോൾഡ്ഗോൾഡ് ആഭരണം മുതൽ വാച്ചുകൾ വരെയുള്ള വസ്തുക്കളുമായി വിൽപനക്കാർ അവധിദിനത്തിലും നഗരത്തിൽ സജീവമാണ്. എന്നാൽ, സീസൺ കച്ചവടം ആരംഭിക്കുന്നേയുള്ളൂവെന്നാണ് അവർ പറയുന്നത്.
കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ; രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. സംസ്ഥാന സർക്കാിന്‍റെ ഓണംമെഗാ ട്രേഡ് ഫെയർ 25 വരെ കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിലാണ് നടക്കുന്നത്. പതിമൂന്നിന സബ്സിഡി ഉത്പന്നങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഫെയറിൽ ഉറപ്പാക്കിയിട്ടുണ്ട്സ്വ കാര്യ-സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഫെയർ സംഘടിപ്പിക്കുന്നത്.
സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് ഉൽപന്നങ്ങളുടെ സ്റ്റാളുകളാണ് ട്രേഡ് ഫെയറുകളിലുള്ളത്. രാവിലെ 10 മുതൽ രാത്രി 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക. സപ്ലൈകോ സ്റ്റോറുകളും വിവിധ ഓഫറുകളുമായി സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.