ആറാട്ടുപുഴ: വേണമെങ്കിൽ പച്ചക്കറി പാലത്തിലും വിളയുമെന്ന് കാണിച്ചുതരുകയാണ് ഉദയകുമാർ. വെള്ളത്തിൽ പച്ചക്കറി വിളയിച്ച് ശ്രദ്ധേയനായ ഉദയകുമാറിെൻറ പാലത്തിലെ പച്ചക്കറിത്തോട്ടം കാഴ്ചക്കാർക്ക് കൗതുകമാകുന്നു. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ പുളിക്കീഴ് പുത്തൻവീട്ടിൽ കെ. ഉദയകുമാറിെൻറ (52) വേറിട്ട കൃഷിരീതികൾ കൃഷിചെയ്യാൻ ഭൂമിയില്ലെന്ന കാരണം പറയുന്നവർക്ക് പ്രചോദനമാണ്.
വലിയകുളങ്ങര ക്ഷീരസംഘത്തിെൻറ തെക്കുപടിഞ്ഞാറ് ഉദയകുമാറിന് സ്വന്തമായുള്ള ഒരേക്കർ സ്ഥലം അധികവും വെള്ളക്കെട്ടാണ്. പച്ചക്കറിക്ക് കരഭൂമിെയക്കാൾ നല്ലത് വെള്ളക്കെട്ടാണെന്ന് ഉദയൻ കാണിച്ചുതന്നു. കരയിൽ ചെടിനട്ട് വെള്ളക്കെട്ടിന് മുകളിൽ സ്ഥാപിക്കുന്ന വിശാലമായ പന്തലിലേക്ക് പാവലും പടവലവും പടർത്തിയാണ് വർഷങ്ങളായി ഉദയൻ കൃഷി ചെയ്യുന്നത്. തെർമോകോൾ വള്ളമുണ്ടാക്കി അതിൽ തുഴഞ്ഞ് പോയാണ് വിളവെടുപ്പ്.
ഉദയകുമാർ പുതിയൊരു കൃഷിരീതിയുമാണ് ഇപ്പോൾ രംഗത്ത് വന്നത്. വെള്ളക്കെട്ടിൽ സർക്കാർ സഹായത്തോടെ കൂട് മത്സ്യകൃഷി ആരംഭിക്കുകയും മത്സ്യത്തിന് തീറ്റ കൊടുക്കുന്നതിന് ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിൽ 40 മീറ്റർ നീളത്തിൽ തോട്ടിലേക്ക് പാലം നിർമിക്കുകയും ചെയ്തു. ഈ പാലം ഇപ്പോൾ മനോഹരമായ പച്ചക്കറിത്തോട്ടമാണ്. ഒരുവശത്ത് സലാഡ് കുക്കുമ്പർ വിളവെടുപ്പിന് പാകമായി വിളഞ്ഞ് കിടക്കുമ്പോൾ മറുവശത്ത് പയർ പൂവിട്ട് നിൽക്കുന്നു. ഇരുവശത്തും 50 വീതം ഗ്രോ ബാഗിലാണ് പയറും കുക്കുമ്പറും നട്ടിരിക്കുന്നത്. പാലത്തിൽ പൈപ്പ് നാട്ടി അതിൽ കുത്തനെ പന്തലൊരുക്കിയാണ് ചെടികൾ പടർത്തിയിരിക്കുന്നത്.
കുക്കുമ്പർ ആദ്യ വിളവെടുപ്പിൽതന്നെ 20 കിലോയിലധികം ലഭിച്ചു. അടുത്തയാഴ്ച പയർ വിളവെടുപ്പിന് പാകമാകും. ആറുമാസം മുമ്പ് ചീരയായിരുന്നു പാലത്തിലെ കൃഷി. ആറിഞ്ചിെൻറ പി.വി.സി പാത്തിയിൽ മണ്ണും വളവും നിറച്ചാണ് ചീര നട്ടത്.
പൈപ്പ് സ്ഥാപിച്ച് ആകാശത്തിൽ കൃഷിചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം വൈകുകയാണെന്ന് ഉദയകുമാർ പറയുന്നു. സീസൺ അനുസരിച്ച് വിവിധ സ്ഥലങ്ങളിലായി വാഴ, വെണ്ട, മുളക്, ചീര, പടവലം, പാവൽ, പപ്പായ, തക്കാളി, കുക്കുമ്പർ തുടങ്ങി വിവിധങ്ങളായ കൃഷികൾ സ്ഥിരമായി ചെയ്തുവരുന്നു. ഒട്ടേറെ പരീക്ഷണങ്ങൾ ഉദയകുമാർ നടത്താറുണ്ട്.
വൈദ്യുതി കണക്ഷൻ കിട്ടാൻ പ്രയാസമുള്ള സ്ഥലത്ത് ബൈക്കിൽ മോട്ടോർ ഘടിപ്പിച്ച് ജലസേചനം നടത്തുന്ന കണ്ടുപിടിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.