കടന്നൽ കുത്തേറ്റ് റോഡിൽ വീണ കുഞ്ഞേട്ടനെ അഗ്നിരക്ഷാ സേന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
മൂവാറ്റുപുഴ: കടന്നൽ കുത്തേറ്റ് 10 പേർക്ക് പരിക്ക്. ആരക്കുഴ പഞ്ചായത്തിലെ പ്ലാക്കിത്തടം ഇലവുംചുവട് ഭാഗത്താണ് സംഭവം. കടന്നൽ കുത്തേറ്റ് പരിക്കേറ്റ പ്ലാക്കിത്തടം കൂടത്തിൽ വീട്ടിൽ കുഞ്ഞേട്ടനെ (85) മൂവാറ്റുപുഴ അഗ്നിരക്ഷാ സേന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ 10നായിരുന്നു സംഭവം. മീങ്കുന്നം പള്ളിയിൽ പോയി വീട്ടിലേക്ക് വരികയായിരുന്ന കുഞ്ഞേട്ടനെ പ്ലാക്കിത്തടത്തിൽ വെച്ച് കൂട്ടമായെത്തിയ കടന്നൽകൂട്ടം കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരായ എട്ടുപേർക്കും അഗ്നിരക്ഷാ സേന ജീവനക്കാരൻ അയ്യൂബിനും കുത്തേറ്റു. ഇതോടെ രക്ഷാപ്രവർത്തനത്തിനെത്തിയവർ ഓടിരക്ഷപ്പെടുകയായിരുന്നു.
തേവലത്തിൽ രാജൻ, മകൻ അഖിൽ, ചിറക്കണ്ടം അനീഷ്, മനോജ്, പൊട്ടംകല്ലുങ്കൽ ജീമോൻ, വിൻസന്റ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കടന്നൽകൂട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് അംഗം ഷാജി മാണി വനംവകുപ്പ് അധികൃതർക്ക് പരാതി നൽകി. സമീപകാലത്തായി കടന്നൽ ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞവർഷം കടന്നൽ കുത്തേറ്റു രണ്ടു പേർ മൂവാറ്റുപുഴയിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.