കൊച്ചി: മെട്രോ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ(എ.ബി.എസ്.എസ്) ഉൾപ്പെടുത്തി പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാർക്കു വേണ്ടി പ്രത്യേക സൗകര്യങ്ങളാണ് ഇരു സ്റ്റേഷനുകളിലും ഒരുക്കുന്നത്. ഇരു സ്റ്റേഷനുകളിലെ പുനർവികസന പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് ഹൈബി ഈഡൻ എം.പിയുടെ ചോദ്യങ്ങൾക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ ഉത്തരം നൽകി. ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടാകാതെയുള്ള സുരക്ഷിതമായ നിർമാണ രീതിയാണ് റെയിൽവേ അവലംബിക്കുന്നതെന്ന് മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സൗത്തിലെ നിർമാണം ഇങ്ങനെ...
എറണാകുളം ജങ്ഷൻ(സൗത്ത്) സ്റ്റേഷനിലെ ഈസ്റ്റ് ടെർമിനൽ ബിൽഡിങ്, വെസ്റ്റ് ടെർമിനൽ ബിൽഡിങ്, മൾട്ടി-ലെവൽ കാർ പാർക്കിങ്, സർവിസ് ബിൽഡിങ് എന്നിവയുടെ ഘടനാപരമായ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഘടനാപരമായ നിർമാണം പൂർത്തിയായ പി-വേ ഡിപ്പോയുടെയും പി-വേ ഓഫിസിന്റെയും അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്.
അമൃത് ഭാരതിലെ വികസനം..
രാജ്യത്തൊട്ടാകെ 1340 റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ വികസനത്തിനായി തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് എറണാകുളത്തെ രണ്ട് സ്റ്റേഷനുകൾ ഉൾപ്പെടെ 35 റെയിൽവേ സ്റ്റേഷനുകൾ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 16 സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പ്രവേശന സൗകര്യം മെച്ചപ്പെടുത്തൽ, നഗരത്തിന്റെ ഇരുവശങ്ങളുമായും സ്റ്റേഷന്റെ സംയോജനം, സ്റ്റേഷൻ കെട്ടിടത്തിന്റെ മെച്ചപ്പെടുത്തൽ, കാത്തിരിപ്പ് ഹാളുകൾ, ടോയ്ലറ്റുകൾ, ഇരിപ്പിട ക്രമീകരണം, കുടിവെള്ളം എന്നിവയുടെ മെച്ചപ്പെടുത്തൽ, പാർക്കിംഗ് വികസനം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, മെച്ചപ്പെട്ട പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ തുടങ്ങിയവയെല്ലാം വികസനത്തിന്റെ ഭാഗമാണ്.
നോർത്തിൽ റീടെൻഡർ...
എറണാകുളം ടൗൺ(നോർത്ത്) സ്റ്റേഷനിലെ വെസ്റ്റ് ടെർമിനൽ ബിൽഡിങ് (സെഗ്മെന്റ് 1), മൾട്ടി-ലെവൽ കാർ പാർക്കിങ്, റെസിഡൻഷ്യൽ ടവർ, നടപ്പാലത്തിന്റെ അടിത്തറ എന്നിവയുടെ പണികൾ പൂർത്തിയായിട്ടുണ്ട്.
എന്നാൽ, ചില നിർമാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് കാരണം നിലവിലെ കരാർ റദ്ദാക്കേണ്ടി വന്നു. മൾട്ടി-ലെവൽ കാർ പാർക്കിങ്, വെസ്റ്റ് ടെർമിനൽ (സെഗ്മെന്റ് 1), നടപ്പാലം എന്നിവയുടെ ഫിനിഷിങ് ജോലിയാണ് ഇടക്ക് നിർത്തേണ്ടി വന്നത്. പ്രവൃത്തികൾ വേഗത്തിലാക്കാൻ ഇപ്പോൾ പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മികച്ച സൗകര്യങ്ങൾ...
എല്ലാ വിഭാഗം ആളുകൾക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് മികച്ച സൗകര്യങ്ങളാണ് എറണാകുളത്തെ ഇരു സ്റ്റേഷനുകളിലും വിഭാവനം ചെയ്തിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക മുറികൾ, ചൈൽഡ് ഹെൽപ് ലൈൻ, ആരോഗ്യ സേവനങ്ങൾ, ശൗചാലയങ്ങൾ, മികച്ച സുരക്ഷ സംവിധാനങ്ങൾ എന്നിവ നവീകരണ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യാർഥം എറണാകുളം ജങ്ഷനിൽ നിന്ന് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലേക്ക് സ്കൈവാക്ക് നിർമിക്കും. എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് എറണാകുളം നോർത്ത് റോഡ് ഓവർ ബ്രിഡ്ജിലേക്കും സ്കൈവാക്ക് വിഭാവനം ചെയ്തിട്ടുണ്ട്.
ഇവിടെ നിന്ന് ബസ് സ്റ്റോപ്പിലേക്കും ടൗൺ ഹാൾ മെട്രോ സ്റ്റേഷനിലേക്കും എളുപ്പത്തിൽ പ്രവേശിക്കാനാകും. ഇരു സ്റ്റേഷനുകളിലും വിപുലമായ മൾട്ടി-ലെവൽ കാർ പാർക്കിങ് സൗകര്യം ലഭ്യമാക്കും. ഇന്ത്യൻ റെയിൽവേ പ്രോജക്ട് സാങ്ഷൻ ആൻഡ് മാനേജ്മെന്റ് പോർട്ടൽ വഴി റെയിൽവേ മന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.