അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി ; മിന്നൽ പരിശോധനയിൽ 6.04 ലക്ഷം പിഴ
കൊച്ചി: അനുവദനീയമായ അളവിൽ കൂടുതൽ ചരക്ക് കയറ്റി സർവിസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ (എൻഫോഴ്സ്മെന്റ്) നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രി മിന്നൽ പരിശോധന നടത്തി. നിയമവിരുദ്ധമായി സർവിസ് നടത്തിയ 20 വാഹനങ്ങൾക്ക് ചെല്ലാൻ നൽകുകയും 6,04,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ആർ.ടി.ഒ ബിജു ഐസക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മിന്നൽ പരിശോധന. ജില്ലയിലെ പ്രധാന വ്യവസായ-ചരക്കുനീക്ക കേന്ദ്രങ്ങളായ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂർ, അങ്കമാലി, എറണാകുളം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അധികഭാരം കയറ്റിയതും മറ്റ് ഗുരുതര നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. വാഹനം നികുതി അടയ്ക്കാതെ ഓടിക്കൽ, സാധുവായ പെർമിറ്റ് ഇല്ലാതിരിക്കൽ, ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിക്കൽ എന്നിവക്കെതിരെയും കർശന നടപടിയെടുത്തു. നിരോധിച്ച എയർ ഹോണുകളുടെ ഉപയോഗം, വാഹനങ്ങളുടെ ബോഡിയിൽ വരുത്തിയ അനധികൃത മാറ്റങ്ങൾ, വാഹനത്തിന്റെ പിൻഭാഗത്ത് അപകടകരമായ തള്ളിനിൽക്കുന്ന വിധത്തിൽ ലോഡ് കയറ്റൽ, പരസ്യ ഫീസ് അടയ്ക്കാതെ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം പതിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും പിഴ ചുമത്തി.
അമിത ഭാരം കയറ്റുമ്പോൾ വാഹനങ്ങളുടെ ബ്രേക്കിങ് സംവിധാനം തകരാറിലാകാൻ സാധ്യതയേറെയാണ്. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനം നിയന്ത്രണംവിട്ട് മറിയും. വളവുകളുള്ള റോഡുകളിലും കയറ്റങ്ങളിലും വാഹനത്തിന്റെ സ്റ്റിയറിങ് ബാലൻസ് നഷ്ടപ്പെട്ട് വാഹനം പിന്നിലേക്ക് ഇറങ്ങാനും മറിയാനും അമിതഭാരം കാരണമാകുമെന്നും ആർ.ടി.ഒ അറിയിച്ചു. മുവാറ്റുപുഴയിൽ പേഴക്കാപ്പിള്ളി മത്സ്യ മാർക്കറ്റിലെ വ്യാപാരികളെയും തൊഴിലാളികളെയും മത്സ്യം കയറ്റിവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെയും ഉൾപ്പെടുത്തി യോഗം ചേർന്നു. എം.സി റോഡിലെ പൊതുഗതാഗത്തിനും റോഡ് സുരക്ഷക്കും പരിഗണന നൽകി വേണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും മത്സ്യ വിപണന നടത്തേണ്ടതുമെന്ന് ആർ.ടി.ഒ നിർദേശിച്ചു. വരുംദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമായി തുടരുമെന്നും റോഡ് നിയമങ്ങൾ പാലിക്കാത്ത വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.