ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹമായ വാരാനാട് നടുവിലെ കോവിലകം ജീർണിച്ച് വീഴാറായ
അവസ്ഥയിൽ
ചേർത്തല: മലയാളികളുടെ മനസ്സിൽ ഇന്നും ആ താരാട്ടുപാട്ടുണ്ട്. ‘ഓമനത്തിങ്കൾ കിടാവേ...’ എന്ന താരാട്ട്. ആ പാട്ടിലൂടെ ചിരപ്രതിഷ്ഠ നേടിയ ഇരയിമ്മൻ തമ്പിയുടെ 170ാം ചരമവാർഷികമാണ് ഈ മാസം 29ന്. പക്ഷേ, ഇരയിമ്മൻ തമ്പിയുടെ വാരനാട്ടെ ജന്മഗൃഹമായ നടുവിൽ കോവിലകം ജീർണിച്ചുവീഴാറായ അവസ്ഥയിലാണിപ്പോൾ. പുരാതനമായ എട്ടുകെട്ട് വീടും പരിസരവും പുരാവസ്തു വകുപ്പ് ഏറ്റെടുത്തെങ്കിലും സംരക്ഷണത്തിനായി ഒന്നും ചെയ്തില്ല.
തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും പുരാവസ്തു വകുപ്പും അടിയന്തരമായി സംരക്ഷിച്ചില്ലെങ്കിൽ നാടിന്റെ പൈതൃക സ്വത്ത് നഷ്ടമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 1782 ഒക്ടോബർ 12ന് ചേർത്തല വാരനാട് നടുവിൽ കോവിലകത്ത് കേരളവർമ തമ്പാന്റെയും പാർവതിപ്പിള്ള തങ്കച്ചിയുടെയും മകനായാണ് ഇരയിമ്മൻ തമ്പിയുടെ ജനനം. 12 വയസ്സുവരെ ചേർത്തലയിലെ വാരനാട്ടെ നടുവിൽ കോവിലകത്താണ് അദ്ദേഹം കഴിഞ്ഞത്. പിന്നീട് അനന്തപുരിയിലെ രാജകൊട്ടാരത്തിൽ വളർന്നു. അര ഏക്കറിൽ എട്ടുകെട്ടായി പണിത കെട്ടിടത്തിൽ മൂന്ന് കിടപ്പുമുറി, തെക്കിനി, വടക്കിനി, പൂമുഖം, പൂജാമുറി, ഊട്ടുപുര, ഊണുമുറി, അടുക്കള എന്നിവയുണ്ട്. എങ്കിലും മുഴുവൻ ജീർണിച്ച നിലയിലാണ്. ഇതിൽ വടക്കിനി പൂർണമായും തകർന്ന് നിലംപതിച്ചു. അഞ്ചാം തലമുറക്കാരി രുഗ്മിണി ഭായി തമ്പുരാട്ടിയായിരുന്നു അവസാനം കോവിലകത്ത് താമസിച്ചത്. ഇതിനുശേഷം പുരാവസ്തു വകുപ്പ് ചേർത്തല കൊക്കോതമംഗലം വില്ലേജിലെ കെട്ടിടവും സ്ഥലവും 2009 ജൂൺ 12ന് ഏറ്റെടുത്തു. പിന്നീട് ചുറ്റുമതിൽ 15 ലക്ഷം രൂപയും കെട്ടിടത്തിന്റെ തകർന്ന ഭാഗം 40 ലക്ഷം രൂപയും ചെലവഴിച്ച് പുരാവസ്തു വകുപ്പ് പുതുക്കിപ്പണിതു. 40 വർഷർത്തോളം രുഗ്മിണി ഭായി തമ്പുരാട്ടിയോടൊപ്പം കോവിലകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അംബികയെ എട്ടുകെട്ട് സൂക്ഷിക്കാൻ പുരാവസ്തു വകുപ്പ് നിയമിച്ചു.
ഇവർ മാത്രമാണ് ഇപ്പോൾ ഈ കെട്ടിടത്തിൽ താമസിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ലൈഫ് ഓഫ് പൈ’യിൽ ബോംബെ ജയശ്രീ ആലപിച്ച ‘പൈസ് ലല്ല ബൈ’ എന്ന താരാട്ടുപാട്ട് 85-ാമത് ഓസ്കർ അവാർഡിലെ ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടപ്പോൾ വാരനാട് എന്ന ഗ്രാമവും ലോകപ്രശസ്തി നേടി. ബോംബെ ജയശ്രീ എഴുതി ആലപിച്ച ഈ ഗാനം ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ‘ഓമനത്തിങ്കൾ കിടാവോ’യുടെ വരികൾ തമിഴിലേക്ക് വിവർത്തനം ചെയ്തതായിരുന്നു.
പിന്നീട് ഇത് വിവാദമായതോടെ ഓസ്കർ ലഭിച്ചില്ല. റാണി ഗൗരി ലക്ഷ്മിഭായിക്ക് വേണ്ടി ശിശുവായിരുന്ന സ്വാതിതിരുനാളിനെ ഉറക്കാനാണ് ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ട് ഇരയിമ്മൻ തമ്പി എഴുതിയത്. കീചകവധം, ഉത്തരാസ്വയംവരം തുടങ്ങിയ ആട്ടക്കഥകൾ, 23 സംസ്കൃത-5 മലയാള കീർത്തനങ്ങൾ, വർണങ്ങൾ, പദങ്ങൾ എന്നിവ രചിച്ച ഇരയിമ്മൻ തമ്പി 1856 ജൂലൈ 29ന് 74-ാം വയസ്സിൽ അന്തരിച്ചു. ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയായിരുന്നു ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.