ആലുവ ടൗൺഹാളിന് മുന്നിൽ സജ്ജമായ നഗരസഭയുടെ എ.സി ജൈവമാലിന്യ സംസ്കരണബൂത്ത്
ആലുവ: രാജ്യത്ത് ആദ്യമായി ശീതീകരിച്ച ജൈവമാലിന്യ സംസ്കരണ ബൂത്ത് സ്ഥാപിച്ച് ആലുവ നഗരസഭ. ബാങ്ക് എ.ടി.എം കൗണ്ടർ മാതൃകയിൽ ആലുവ ടൗൺഹാളിന് മുമ്പിലാണ് സ്വകാര്യസ്ഥാപനം 20 ലക്ഷം രൂപ മുടക്കി മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയത്. എടയാർ റോബോബിൻ എൻവിറോ ടെക് ആണ് നഗരസഭക്ക് പണച്ചെലവില്ലാതെ പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല വരുമാനത്തിന്റെ 30 ശതമാനം നഗരസഭക്ക് ലഭിക്കുകയും ചെയ്യും.
സ്വകാര്യ ബസ് സ്റ്റാൻഡ്, തോട്ടക്കാട്ടുകര മാർക്കറ്റ് എന്നിവിടങ്ങളിലും ബൂത്തുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരുകിലോ ജൈവമാലിന്യം നിക്ഷേപിക്കുന്നതിന് ഏഴ് രൂപയാണ് നിരക്ക്. ദിവസം ഏഴ് ടൺ മാലിന്യം വരെ നിക്ഷേപിക്കാം.
മാലിന്യസംസ്കരണത്തിന് ശേഷം ലഭിക്കുന്ന ബയോഗ്യാസ് ബി.പി.സി.എല്ലിനും എണ്ണയുടെ അംശം അടങ്ങിയവ ബയോ ഡീസൽ ആക്കുന്നതിന് എടയാറിലെ സ്വകാര്യ ഏജൻസിക്കും കൈമാറും. വളവും എടയാറിലെ കമ്പനിക്ക് നൽകും.
സംസ്കരണ കേന്ദ്രം ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. വൈകീട്ട് മൂന്നിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. ജൂലൈ ആദ്യവാരത്തോടെ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായതാണ്. എന്നാൽ, ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. മന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം.
എന്നാൽ, നഗരസഭ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് ഉദ്ഘാടനം നടത്തി രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ആരോപണം ഉയർന്നിരുന്നു.
മാലിന്യസംസ്കരണ സംവിധാനത്തിന്റെ ഉദ്ഘാടനം വൈകിയത് പദ്ധതി നടത്തിപ്പുകാരായ സ്ഥാപനത്തിന് സാമ്പത്തികനഷ്ടം വരുത്തിയതായും ആരോപണമുണ്ട്.
ജൂലൈയിൽ ഉദ്ഘാടനം നടക്കുമെന്ന ധാരണയിൽ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ പദ്ധതിനടത്തിപ്പ് സ്ഥാപനം വിവരം അറിയിച്ചിരുന്നു. അതനുസരിച്ച് മാലിന്യം നൽകുന്നതിന് സന്നദ്ധമായവർ നിരന്തരം വിളിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.