ആലുവ ശിവരാത്രി മണപ്പുറത്ത് ഏർപ്പെടുത്തേണ്ട സുരക്ഷക്രമീകരണങ്ങൾ പരിശോധിക്കാൻ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശൻ മണപ്പുറവും പരിസരവും സന്ദർശിക്കുന്നു

ക്രമസമാധാന പരിപാലനത്തിന് പഴുതടച്ച സുരക്ഷ

1500ഓളം പൊലീസുകാർ, മണപ്പുറം മുഴുവന്‍ സി.സി.ടി.വി നിരീക്ഷണത്തിൽ

ആലുവ: വീണ്ടുമൊരു ശിവരാത്രിയെ വരവേൽക്കാൻ ആലുവയും മണപ്പുറവും ഒരുങ്ങി. ആഴ്ചകളായി തയാറാക്കിക്കൊണ്ടിരിക്കുന്ന സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.

ബലിതർപ്പണത്തിനും ക്ഷേത്ര ചടങ്ങുകൾക്കും ദേവസ്വം ബോർഡ് ഒരുക്കങ്ങൾ നടത്തുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളും വ്യാപാരോത്സവ പ്രവർത്തനങ്ങളും നഗരസഭയുടെ ആഭിമുഖ്യത്തിലാണ് പുരോഗമിക്കുന്നത്.

ശിവരാത്രിയാഘോഷത്തിന്‍റെ ക്രമസമാധാന പരിപാലന ചുമതലയുള്ള പൊലീസ് ഇതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്.

എസ്.പിയുടെ നേതൃത്വത്തിൽ 1500ഓളം പൊലീസ് ഉദ്യോഗസ്ഥരെ ബലിതര്‍പ്പണം നടക്കുന്ന വേളയില്‍ മണപ്പുറത്തും നഗരത്തിലുമായി വിന്യസിക്കും. തുടര്‍ന്ന്, ഒരുമാസം ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിത്യേന വിന്യസിക്കുന്നതാണ്.

മണപ്പുറം മുഴുവന്‍ സി.സി.ടി.വി പരിധിയില്‍ കൊണ്ടുവന്ന് സദാസമയം നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണം നഗരസഭ ചെയ്തിട്ടുണ്ട്. മണപ്പുറത്ത് താല്‍ക്കാലിക പൊലീസ് സ്റ്റേഷനും ഒരുമാസം ഉണ്ടാകും.

ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ പുഴയിലോ കരയിലോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗവും മണപ്പുറത്ത് ഉണ്ടാകും. ശിവരാത്രി ദിവസം 40 ഫയര്‍ ഫോഴ്സ് അംഗങ്ങളും 50 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും രണ്ട് ടീമുകളായി പ്രവര്‍ത്തിക്കും. മണപ്പുറത്ത് താല്‍ക്കാലിക ഫയര്‍ സ്റ്റേഷനും സ്ഥാപിക്കും. മണപ്പുറത്തും നഗരത്തിലും വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ മുന്‍കരുതലുകള്‍ കെ.എസ്.ഇ.ബി സ്വീകരിക്കും. മണപ്പുറത്തേക്കുള്ള റോഡുകള്‍ പൂര്‍ണമായും അറ്റകുറ്റപണികള്‍ തീര്‍ക്കുന്നതിന് പൊതുമരാമത്ത് വകുപ്പും നഗരസഭയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഗതാഗത കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും രംഗത്തുണ്ടാകും. ഗതാഗത വകുപ്പ് ഡെപ്യൂട്ടി കമീഷണറുടെ നിയന്ത്രണത്തില്‍ ആര്‍.ടി.ഒമാരുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിരവധി സ്ക്വാഡുകള്‍ പട്രോളിങിനായി ഉണ്ടാകും.

അനധികൃത മദ്യവിൽപനയും നിരോധിത ലഹരി പദാര്‍ത്ഥങ്ങളുടെ വിൽപനയും തടയാൻ എക്സൈസ് വിഭാഗവും വിപുലമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ ടീമും ഷാഡോ ടീമും ഇതിനായി ഒരുക്കും.

മണപ്പുറത്തും പരിസരത്തും ഒരു വിധത്തിലുള്ള ചൂതാട്ടവും അനുവദിക്കില്ല.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകളും രഹസ്യ നിരീക്ഷണങ്ങളും ഇക്കാര്യങ്ങളില്‍ ഉണ്ടാകുന്നതാണ്.

യാത്ര സൗകര്യത്തിനും പ്രാധാന്യം

ശിവരാത്രി നാളില്‍ എത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി താല്‍ക്കാലിക ബസ് സ്റ്റേഷനും ഗ്യാരേജും മണപ്പുറത്ത് നഗരസഭ സജ്ജീകരിക്കും. സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും.

ദക്ഷിണ റെയില്‍വേ ശിവരാത്രി പ്രമാണിച്ച് സര്‍വ്വീസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചി മെട്രോ ശിവരാത്രി ദിനത്തില്‍ രാത്രിയിലുള്ള സര്‍വ്വീസുകള്‍ കൂടുതല്‍ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

കുടിവെള്ളവും ആരോഗ്യ സംരക്ഷണവും

മണപ്പുറത്ത് കുടിവെള്ള ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് വാട്ടര്‍ അതോറിറ്റി പ്രത്യേക നടപടികള്‍ സ്വീകരിക്കും. ജില്ല ആശുപത്രിയുടെ നേതൃത്വത്തില്‍ സുസജ്ജമായ മെഡിക്കല്‍ ടീം മണപ്പുറത്ത് ഉണ്ടാകും. പ്രാഥമിക ചികിത്സക്ക് ആവശ്യമായ സൗകര്യം ഒരുക്കും.

ഇതിനു പുറമെ, ഹോമിയോ ആശുപത്രിയും മണപ്പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പ് ഓഫിസ്, മീഡിയ റൂം, സൗജന്യ ചുക്കുകാപ്പി വിതരണ സ്റ്റാള്‍ എന്നിവയും മണപ്പുറത്ത് ഉണ്ടാകും. ആവശ്യമായത്ര പൊതുടോയ്‍ലറ്റുകള്‍ ഉണ്ടാകും. മുനിസിപ്പല്‍ ഓഫിസ്, ടൗണ്‍ ഹാളുകള്‍, ഗാന്ധി സ്ക്വയര്‍, മാര്‍ത്താണ്ഡവര്‍മ്മ പാലം, നടപ്പാലം, പാര്‍ക്ക് എന്നിവിടങ്ങളില്‍ ആഘോഷക്കാലത്ത് വൈദ്യുത ദീപാലങ്കാരം നടത്തും.

ജില്ല പൊലീസ് മേധാവി മണപ്പുറവും പരിസരവും സന്ദർശിച്ചു

ആലുവ: ശിവരാത്രി മണപ്പുറത്ത് ഏർപ്പെടുത്തേണ്ട സുരക്ഷ ക്രമീകരണങ്ങൾ പരിശോധിക്കാൻ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശൻ മണപ്പുറവും പരിസരവും സന്ദർശിച്ചു.

ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരക്കൊഴിവാക്കാനുള്ള മാർഗങ്ങളും പുഴയോരത്ത് നടപ്പാക്കേണ്ട സുരക്ഷ കാര്യങ്ങളും വാഹന പാർക്കിങ്ങിനെക്കുറിച്ചും പൊലീസ് ഡ്യൂട്ടി പോയന്‍റുകളെ കുറിച്ചും ചർച്ച ചെയ്തു.

ഡിവൈ.എസ്.പി ബിജോയ് ചന്ദ്രൻ, ഇൻസ്പെക്ടർ ജി.പി. മനു രാജ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് 1500ഓളം പൊലീസ് ഉദ്യോഗസ്ഥരേയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മണപ്പുറത്ത് പ്രവർത്തിക്കും.

Tags:    
News Summary - Security that has been compromised to maintain law and order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.