ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ കഞ്ചാവും പ്രതികളും
ആലുവ: റെയിൽവേ സ്റ്റേഷനിൽനിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. ആലുവ എക്സൈസ് സർക്കിൾ ഓഫിസിലെ ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ സംഘവും ആലുവ റേഞ്ച് ടീമും ആലുവ ആർ.പി.എഫും നടത്തിയ പരിശോധനയിലാണ് 18 കിലോയോളം കഞ്ചാവ് കണ്ടുപിടിച്ചത്. ഗോരഖ്പൂർ-എറണാകുളം ട്രെയിനിൽ വന്നിറങ്ങിയ ബിഹാർ സ്വദേശികളായ മൂന്നുപേരിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ചുമതലയുള്ള ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അഭി ദാസന്റെ നിർദേശ പ്രകാരമാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ട്രെയിനുകളും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെയും മറ്റും നിരീക്ഷിക്കുകയും സംശയം തോന്നുന്നവരെ പരിശോധിക്കുകയും ചെയ്തത്. ട്രെയിനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ജനറൽ കമ്പാർട്ട്മെന്റിൽ നിന്നിറങ്ങിയ ഷോൾഡർ ബാഗുമായിനിന്ന മൂന്നുപേർ പരിഭ്രമിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബിഹാർ സംസ്ഥാനക്കാരായ എം.ഡി. ചന്ദ് (24), എം.ഡി. ഇർഷാദ് (19), ഗൗരവകുമാർ (18) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽനിന്ന് കിലോക്ക് 3000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് കിലോക്ക് 30000 രൂപ നിരക്കിൽ വിൽപന നടത്തി തിരിച്ചു പോകുന്ന രീതിയാണ് ഇവരുടേത്.
മലയാളികൾ അടങ്ങുന്ന സംഘം കഞ്ചാവ് വാങ്ങുന്നതിനായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാത്തുനിൽക്കുകയാണ് പതിവ്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വാങ്ങാൻ എത്തുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് പിടിച്ചതിനുശേഷം മറ്റു സംസ്ഥാനത്തുനിന്ന് വന്ന ധൻബാദ് ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനിടെ 4.5 കിലോ കഞ്ചാവ് അടങ്ങിയ സഞ്ചി പ്ലാറ്റ്ഫോമിൽനിന്നും കണ്ടെടുത്തു. ഇതിന്റെ ഉടമയെ കണ്ടെത്താനായില്ല.
സംഘത്തിൽ ആർ.പി.എഫ് എസ്.ഐ കെ.എസ്. മണികണ്ഠൻ, ഇന്റലിജൻസ് എ.എസ്.ഐ ഫിലിപ്സ് ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ എ.ബി. സജീവ് കുമാർ, പ്രിവെന്റീവ് ഓഫിസർ സി.പി. ജിനേഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡംഗം പ്രിവെന്റീവ് ഓഫിസർ എം.എം. അരുൺകുമാർ, ആർ.പി.എഫ് എച്ച്.സി ജി. വിപിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ, അഖിൽ ലാൽ, സോനു മോൻ, വിഷ്ണു സോമൻ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.പി. ധന്യ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.