വീണ്ടുമൊരു ശിവരാത്രി


യാസർ അഹമ്മദ്

ആലുവ: പെരിയാർ തീരത്തെ മനോഹരമായ ആലുവ മണപ്പുറത്ത് വീണ്ടുമൊരു മഹാശിവരാത്രി. ശിവരാത്രി രാവിൽ ബലിതർപ്പണം നടത്താനായി പതിനായിരങ്ങൾ ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തും. പൂർവികർക്ക് ബലിതർപ്പണം നടത്തുന്നതിന് ആലുവ മണപ്പുറത്ത് പ്രാധാന്യം കൂടുതലുള്ളതായാണ് ഭക്തരുടെ വിശ്വാസം.

ശിവപഞ്ചാക്ഷരീ മന്ത്രം മുഴങ്ങുന്ന മണപ്പുറത്ത് ഉറക്കമിളച്ച് ശിവരാത്രി രാവിൽ ഭക്തർ കഴിച്ചുകൂട്ടും. പിന്നീട് പൂർവികർക്ക് ബലിയർപ്പിച്ച് മടങ്ങും. മണപ്പുറം ശിവക്ഷേത്രത്തിൽ ഞായറാഴ്ച പുലർച്ച മുതൽ ചടങ്ങുകൾ ആരംഭിക്കും.

ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ചേന്നാസ് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിക്കും. ബലിതര്‍പ്പണത്തിനായി നൂറിലധികം ബലിത്തറകളാണ് തയാറാക്കിയിട്ടുള്ളത്. ശിവരാത്രി നാളായ ഞായറാഴ്ച രാത്രിയിലാണ് ഔദ്യോഗികമായി ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. തിങ്കളാഴ്ച ഉച്ചവരെ ബലിതര്‍പ്പണം നീണ്ടുനില്‍ക്കും. ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ ഭക്തർ എത്തുകയും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തുമെങ്കിലും ഉച്ചമുതലായിരിക്കും കൂട്ടമായി ഭക്തർ മണപ്പുറത്തേക്കെത്തുക. സന്ധ്യ കഴിയുന്നതോടെ തിരക്ക് കൂടും. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ പൂർത്തിയായിട്ടുണ്ട്.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആലുവ നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. മുങ്ങൽ വിദഗ്ധർ മണപ്പുറത്ത് ക്യാമ്പ് ചെയ്യും.

ക്രമസമാധാനപാലനത്തിനായി റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നഗരത്തിലും മണപ്പുറത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിവൈ.എസ്.പിമാർ, സി.ഐ.മാർ, എസ്‌.ഐമാർ എന്നിവർക്ക് പുറമേ 1500 പൊലീസുകാരും ഉണ്ട്. സ്ത്രീകളുടെ സുരക്ഷക്കായി വനിത പൊലീസുകാരുമുണ്ടാകും. വിവിധ ഭാഗങ്ങളിൽനിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുകൾ ഉണ്ട്. ഇതിനായി മണപ്പുറത്തുതന്നെ താൽക്കാലിക സ്‌റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Another Shivaratri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.