അത്താണി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആലുങ്ങക്കടവ് പാലം യാഥാർഥ്യമായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് പറമ്പുശ്ശേരിയെയും മൂന്നാം വാർഡ് ആലുങ്ങക്കടവിനെയും ബന്ധിപ്പിക്കുന്നതാണ് പാലം.
നാല് സ്പാനുകളിൽ അങ്കമാലി-മാഞ്ഞാലിത്തോടിന് കുറുകെയാണ് പാലം നിർമാണം പൂർത്തീകരിച്ചത്. 2014ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 2015ൽ നബാർഡിൽനിന്ന് അനുവദിച്ച 11.22 കോടി ചെലവിലാണ് പാലം നിർമിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
2016ൽ നിർമാണം ആരംഭിക്കുകയും 2017ൽ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, അപ്രോച് റോഡിന് സ്ഥലം ഏറ്റെടുക്കൽ നീണ്ടുപോയതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞില്ല. 2022 ഡിസംബറിൽ റവന്യൂ വകുപ്പ് ഒരേക്കറോളം ഭൂമി ഏറ്റെടുത്ത് കൈമാറിയെങ്കിലും അപ്രോച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും നീണ്ടുപോയി.
2023 ജൂൺ 22ന് അപ്രോച് റോഡ് നിർമാണത്തിന് രണ്ടുകോടി അനുവദിച്ചു. ഇരുവശത്തും 100 മീറ്റർ നീളത്തിൽ ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ആലുങ്ങക്കടവ് പാലം തുറക്കുന്നതോടെ പ്രദേശവാസികൾ കാലങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.