പൂനെയിലെ സഹ്യാദ്രി ആശുപത്രിയിലെ ഓങ്കോളജി ഡയറക്ടറും നാഗ് ഫൗണ്ടേഷന്റെ ട്രസ്റ്റിയുമായ ഡോ. ഷോണ നാഗ് സമ്മേളനത്തിൽ നിലവിളക്ക് കൊളുത്തൽ കർമ്മം നിർവഹിക്കുന്നു. സിഒജി സെക്രട്ടറിയും ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജിയിൽ സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാരിയർ; സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വിജയകുമാർ; സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സോമശേഖർ; മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. റോണ ജോസഫ്, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ടീന രാജൻ എന്നിവർ സമീപം.

സ്തനാർബുദ ചികിത്സയിൽ ടാർഗറ്റ്ഡ് തെറാപ്പികൾക്ക് പ്രാധാന്യം കൂടി വരുന്നു; ഇയർ ഇൻ റിവ്യൂ സമ്മേളനം കൊച്ചിയിൽ സമാപിച്ചു

കൊച്ചി: ആധുനിക ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ സ്തനാർബുദം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതെങ്ങനെ എന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് കൊച്ചിയിൽ നടന്ന ഇയർ ഇൻ റിവ്യൂ കേരള ചാപ്റ്റർ സമ്മേളനം. “ബ്രെസ്റ്റ് ക്യാൻസർ, ദി ഇയർ ദാറ്റ് വാസ് 2025” എന്ന പരിപാടിയിൽ നഗരങ്ങളിലെ ജീവിതരീതിയും സ്തനാർബുദ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്തെല്ലായിടത്തുമെന്ന പോലെ ഇന്ത്യയിലുടനീളവും സ്തനാർബുദ നിരക്ക് ഉയരുകയാണ്. ജനസാന്ദ്രതയേറിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പും (COG) നാഗ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സമ്മേളനത്തിൽ ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു. വ്യായാമമില്ലാത്ത ജീവിതരീതി, ഫാസ്റ്റ് ഫുഡ് സംസ്കാരം, ജോലിസ്ഥലത്തും വീട്ടിലും അനുഭവപ്പെടുന്ന കടുത്ത മാനസിക സമ്മർദ്ദം എന്നിവ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ഗണ്യമായി ദുർബലപ്പെടുത്തുന്നു. അർബുദത്തെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ഏറ്റവും മികച്ച സ്വാഭാവിക ആയുധം മികച്ച രോഗപ്രതിരോധ ശേഷിയാണ്. എന്നാൽ നഗരവൽക്കരണം ഈ സംരക്ഷണ കവചത്തെ തകർക്കുകയാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

2025-ൽ പ്രസിദ്ധീകരിച്ച ഓങ്കോളജിയിലെ വിവിധ നൂതന പഠനങ്ങൾ വിദഗ്ധർ അവതരിപ്പിക്കുകയും അതിൽ പാനൽ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് സെക്രട്ടറിയും ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. നൂറോളം പ്രമുഖ ഓങ്കോളജിസ്റ്റുകൾ പങ്കെടുക്കുകയും പോയവർഷം അർബുദ ചികിത്സാ രംഗത്ത് ശാസ്ത്രം കൈവരിച്ച പ്രധാന നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

ക്ലിനിക്കൽ ഡ്യൂട്ടിക്കളുടെ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്ക് അർബുദ ചികിത്സയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അടുത്തറിയാനുള്ള അവസരമായിട്ടാണ് എല്ലാ വർഷവും സമ്മേളനം വിളിച്ചുചേർക്കുന്നതെന്ന് സമ്മേളനത്തിന്റെ അക്കാദമിക് പാർട്ണറുമായ നാഗ് ഫൗണ്ടേഷൻ്റെ ട്രസ്റ്റിയും പൂനെയിലെ സഹ്യാദ്രി ഹോസ്പിറ്റലിൻ്റെ ഓങ്കോളജി ഡയറക്ടറുമായ ഡോ. ഷോണ നാഗ് പറഞ്ഞു.

13 വർഷം മുൻപാണ് ആദ്യത്തെ സമ്മേളനം നടന്നത്. സ്മാർട്ട് ടാർഗെറ്റഡ് തെറാപ്പികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയുള്ള ചികിത്സാ രീതികളാണ് ഇത്തവണ പ്രധാനമായും ചർച്ച ചെയ്തത്. രോഗനിർണ്ണയം കൂടുതൽ കൃത്യമാക്കാനും രോഗിയുടെ ഡിഎൻഎ ഘടനയ്ക്ക് അനുസൃതമായി ചികിത്സ നിശ്ചയിക്കാനും ഈ നൂതന വിദ്യകൾ സഹായിക്കും. ലോകത്തെ ഏറ്റവും പുതിയ വൈദ്യശാസ്ത്ര നേട്ടങ്ങൾ കേരളത്തിലെ രോഗികൾക്കും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ. ഷോണ നാഗ് പറഞ്ഞു

Tags:    
News Summary - Targeted therapies are gaining importance in breast cancer treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.