നിർമാണം പൂർത്തിയായ നഗര റോഡ് കച്ചേരിത്താഴത്തെ ദൃശ്യം
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായ നഗര റോഡ് വികസനം പൂർത്തിയായി. നഗര റോഡിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇരുപത് വർഷത്തോളമായി വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കാതെ കിടന്ന പദ്ധതി, നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച ശേഷമാണ് യാഥാർഥ്യമായതെന്ന് എം.എൽ.എ പറഞ്ഞു.
മൂവാറ്റുപുഴയെ സംബന്ധിച്ചിടത്തോളം നഗര വികസനം ദീർഘകാല സ്വപ്ന പദ്ധതിയായിരുന്നു. ഭരണപരമായ കാലതാമസങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്കൊപ്പം രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ നടന്ന ശ്രമങ്ങളും പദ്ധതിയുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
45.2 കോടിയാണ് നഗരവികസന പദ്ധതിയുടെ മൊത്തം ചെലവ്. കച്ചേരി താഴത്ത് മൂന്നാമത് ഒരു പാലം കൂടി വരുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും, നഗരത്തിന്റെ മുഖച്ഛായ മാറുകയും ചെയ്യുന്ന രീതിയിലാണ് നഗര വികസനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗര റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സൗന്ദര്യവത്കരണ ജോലികളുടെ ഭാഗമായി ലൈറ്റുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഒരുക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.